മഹിളാസംഗമം ഉദ്ഘാടനം ചെയ്തു

0

രാജ്യത്തെ സ്ത്രീകളുടെ ഭാവിതന്നെ നിശ്ചയിക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍പോകുന്നതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി മറിയം ധവ്ളെ. ഏത് ദിശയിലാണ് നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പോരാട്ടങ്ങള്‍ നയിക്കേണ്ടതെന്ന് നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണെന്നും ഏത് സര്‍ക്കാറാണെങ്കിലും അവരുടെ നയങ്ങളാണ് സ്ത്രീകളെ സ്വാധീനിക്കുകയെന്നും അവര്‍ പറഞ്ഞു.ബത്തേരിയില്‍ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാകമ്മറ്റി സംഘടിപ്പിച്ച മഹിളാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക സ്ത്രീകളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുമായി ജനാധിപത്യ മഹിളാഅസോസിയേഷന്‍ ജില്ലാകമ്മറ്റി സുല്‍ത്താന്‍ബത്തേരിയില്‍ സംഘടിപ്പിച്ച മഹിളാസംഗമം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു ദേശീയ ജനറല്‍ സെക്രട്ടറി മറിയം ധവ്ളെ. അടുത്ത രണ്ട് മൂന്ന് മാസത്തിനിടയില്‍ ഇന്ത്യയുടെ ഭാവിതന്നെ നിശ്ചയിക്കാന്‍പോകുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. ഇതില്‍ രാജ്യത്തിന്റേത് മാത്രമല്ല സ്ത്രീകളുടെ ഭാവിതന്നെ നിശ്ചയിക്കാന്‍പോകുന്നതാണ്. ഇന്ത്യയില്‍ ഏതുമേഖലയിലും ഏറ്റവും കൂടുതല്‍ തൊഴിലെടുക്കുന്നത് സ്ത്രീകളാണ്. സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നട്ടിട്ടും സ്ത്രീകളുടെ അവസ്ഥ ദാരുണമായി തുടരുകയാണ്. അവശ്യ സാധനങ്ങള്‍ക്ക് രാജ്യത്ത് വിലയക്കയറ്റമാണ്. രാജ്യത്ത് പട്ടിണി വര്‍ദ്ധിക്കുകയാണ്. പക്ഷേ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിലക്കയറ്റത്തിനെതിരായ നയങ്ങള്‍ നടപ്പാക്കുന്നതിനാല്‍ ഇവിടെ ഒരുവീട്ടിലും പട്ടിണിയും മരണവുമില്ല. തൊഴിലില്ലായ്മയും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ എല്ലാം സ്വകാര്യവല്‍ക്കരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ തൊഴിലില്ലാത്ത രാജ്യമായി ഇന്ത്യമാറുകയാണ്. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു. കേരളത്തില്‍ സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് യു.പി, ഗുജറാത്ത് എന്നിവിടങ്ങളിലൊക്കെ നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. ജില്ലാപ്രസിഡന്റ് പി. ആര്‍ നിര്‍മ്മല അധ്യക്ഷയായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി സുബൈദ ഇസഹാക്ക്, ബീന വിജയന്‍, കെ. സി റോസക്കുട്ടി, രുഗ്മണി സുബ്രമണ്യന്‍, എം.പി കുഞ്ഞുമോള്‍, ബിന്ദുമനോജ് എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!