അച്ചാമ്മയ്ക്കും മകനും വീടൊരുങ്ങി;  താക്കോല്‍ കൈമാറ്റം നാളെ 

0

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ (കെ.എസ്.എസ്.പി.യു.) എടവക അമ്പലവയലിലെ ചക്കുംകുടി അച്ചാമ്മയ്ക്കും മകന്‍ റോയിക്കുമായി നിര്‍മിച്ച വീടിന്റെ താക്കോല്‍ നാളെ രാവിലെ 11-ന് ഒ.ആര്‍. കേളു എം.എല്‍.എ. കൈമാറുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.72 പിന്നിട്ട അച്ചാമ്മയുടെയും 45 വയസ്സുള്ള മാനസികവെല്ലുവിളി നേരിടുന്ന ഇവരുടെ മകന്റെയും ദുരിതാവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് വീടു നിര്‍മിച്ചു നല്‍കാന്‍ കെ.എസ്.എസ്.പി.യു. തീരുമാനിച്ചത്.

 

435 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് രണ്ടു കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, കക്കൂസ്, കുളിമുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ അഞ്ചര ലക്ഷം രൂപ ചിലവിലാണ് വീടു നിര്‍മിച്ചത്. വീട്ടിലേക്കുള്ള ഉപകരണങ്ങള്‍ ശ്രമദാനത്തിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കെ.എസ്.എസ്.പി.യു. പ്രവര്‍ത്തകരും അച്ചാമ്മയുടെ നാട്ടുകാരും.
നാല്പതുവര്‍ഷം മുമ്പ് എടവക പഞ്ചായത്ത് നിര്‍മിച്ചുനല്‍കിയ വീട്ടിലായിരുന്നു ഏറെക്കാലം അച്ചാമ്മയും മകന്‍ റോയിയും താമസിച്ചത്. ഇത് വാസയോഗ്യമല്ലാതായതോടെ വീടിനു പിറകിലായി ഷെഡ്ഡ്വെച്ച് താമസം തുടങ്ങി. ഇവരുടെ ദുരിതാവസ്ഥ മനസ്സിലാക്കി കെ.എസ്.എസ്.പി.യു. വീടു നിര്‍മാണം ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഭവന നിര്‍മാണ കമ്മിറ്റി രൂപവത്കരിച്ചത്. ഡിസംബറില്‍ തറക്കല്ലിട്ട വീടിന്റെ പണി മാര്‍ച്ചോടെ പൂര്‍ത്തിയാക്കി.
വയനാട്ടില്‍ ചേര്‍ന്ന കെ.എസ്.എസ്.പി.യു. സംസ്ഥാന സമ്മേളനത്തില്‍ ജില്ലയിലെ മൂന്നു താലൂക്കുകളിലുമായി ഓരോ വീടുനിര്‍മിച്ചു നല്‍കാന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ നടവയലില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ കൈമാറി. അച്ചാമ്മയ്ക്കു പുറമേ മേപ്പാടിയിലും വീടുനിര്‍മിക്കുന്നുണ്ട്.

താക്കോല്‍ കൈമാറ്റച്ചടങ്ങില്‍ കെ.എസ്.എസ്.പി.യു. ജില്ലാ പ്രസിഡന്റ് എം. ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, എടവക ഗ്രാമപ്പഞ്ചായത്ത് ബ്രാന്‍ അഹമ്മദ്കുട്ടി, ജില്ലാ പഞ്ചായത്തംഗം കെ. വിജയന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും കെ.എസ്.എസ്.പി.യു. സംസ്ഥാന സെക്രട്ടറി എസ്.സി. ജോണ്‍, ജില്ലാ രക്ഷാധികാരി മംഗലശ്ശേരി മാധവന്‍ ഉള്‍പ്പെടെയുള്ള സംഘടനാ നേതാക്കളും പങ്കെടുക്കും.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കെ.എസ്.എസ്.പി.യു. ജില്ലാ വൈസ് പ്രസിഡന്റുമാരായ എം. കരുണാകരന്‍, കെ.പി. പത്മിനി, ജില്ലാ ജോയിന്റ് സെക്രട്ടറി എ.കെ. മോസസ്, മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ലൂയിസ്, സെക്രട്ടറി കെ. സത്യന്‍, വീടു നിര്‍മാണക്കമ്മിറ്റി ചെയര്‍മാന്‍ കെ. ഉസ്മാന്‍, വര്‍ക്കിങ് കമ്മിറ്റി കണ്‍വീനര്‍ പി. കാദര്‍, മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി കെ.സി. നാരായണന്‍, കെ.എസ്.എസ്.പി.യു. സാംസ്‌കാരികവേദി ജില്ലാ കണ്‍വീനര്‍ എം. ഗംഗാധരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!