വെര്‍ച്വല്‍ ക്ലാസ്സ്മുറി; ചിത്രഗിരിയില്‍ ഇനി വേറിട്ട പഠനാനുഭവം

0

മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടുവന്‍ചാല്‍ ചിത്രഗിരി എല്‍.പി സ്‌കൂളില്‍ വെര്‍ച്വല്‍ റിയാലിറ്റി ക്ലാസ്സ്മുറി തുടങ്ങി. സാധാരണ കണ്ടും കേട്ടും പഠിക്കുന്ന രീതിയേക്കാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട പാഠ്യാനുഭവമാണ് ഇനി സാധ്യമാവുക. വാന നിരീക്ഷണം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥിക്ക് പ്ലാനറ്റോറിയത്തില്‍ പോവാതെ തന്നെ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും അന്തരീക്ഷത്തെയും ത്രിമാന ചലച്ചിത്രത്തിലൂടെ അനുഭവിച്ചറിയാന്‍ കഴിയും. കടലിനടിയിലെ മത്സ്യങ്ങളെയും ജൈവവൈവിധ്യങ്ങളെയും വെര്‍ച്വല്‍ ക്ലാസ് മുറിയിലൂടെ തൊട്ടറിഞ്ഞ് പഠിക്കാം. ഇത്തരത്തില്‍ കാടിനെയും നാടിനെയും പരിസ്ഥിതി വൈവിധ്യങ്ങളെയും കുട്ടികള്‍ക്ക് അനുഭവിച്ചറിയാം. 3,00,000 രൂപ വകയിരുത്തി ലാപ്ടോപ്പ്, വെര്‍ച്വല്‍ റിയാലിറ്റി എനേബിള്‍ഡ് മൊബൈല്‍ ഫോണ്‍, വെര്‍ച്വല്‍ ഹെല്‍മറ്റ്, വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ്, പ്രൊജക്ടര്‍ വിത്ത് സ്‌ക്രീന്‍, ഇന്‍വര്‍ട്ടര്‍ എന്നീ ഉപകരണങ്ങളുടെയും സോഫ്റ്റ്വെയറുകളുടെയും സഹായത്തോടെയാണ് കുട്ടികള്‍ക്ക് അനുഭവ പാഠ്യ പദ്ധതി ഒരുക്കിയിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയിലെ ഹൈടക് വല്‍ക്കരണത്തിന്റെ ഭാഗമായാണ് പദ്ധതി.

ജില്ലയില്‍ ആദ്യമായി ആരംഭിച്ച പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ആര്‍.യമുന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കാപ്പന്‍ ഹംസ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഷഹര്‍ബാന്‍ സൈതലവി, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.പ്രബിത, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ യഹ്യഖ്യാന്‍ തലക്കല്‍, വാര്‍ഡ് അംഗം കെ.വിജയന്‍, ബി.ആര്‍.സി പ്രതിനിധി കെ. ഉമേഷ്, ഹെഡ്മിസ്ട്രസ് പി.ആര്‍.ഉഷ, പി.ടി.എ പ്രസിഡണ്ട് കെ.പ്രദീപ്, പി തോമസ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!