കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം, കേരള പുനര്‍നിര്‍മ്മാണ പദ്ധതി എന്നിവര്‍ സംയുക്തമായി നടപ്പാക്കുന്ന സുരക്ഷിത കേരളം ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി നടത്തുന്ന റോഡ് ഷോ കളക്ട്രേറ്റ് പരിസരത്ത് എ.ഡി.എം കെ അജീഷ്, ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസ്വാമി എന്നിവര്‍ ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ യു.എന്‍.ഡി.പി സംസ്ഥാന കോര്‍ഡിനേറ്റര്‍ ആനി ജോര്‍ജ്, ഡെപ്യൂട്ടി കളക്ടര്‍ ഇ.പി.മേഴ്‌സി, ലോ.ഓഫീസര്‍ ടി. പി കോമളവല്ലി, ടി.ജനില്‍കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ എ.കെ.ദിനേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജനുവരി 24 വരെ ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ പര്യടനം നടത്തുന്ന റോഡ് ഷോ, ദുരന്തത്തെ അതിജീവിക്കുന്നതും സുരക്ഷിതവുമായ ഭവനനിര്‍മാണ രീതികളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനത്തിന് അവബോധം നല്‍കും. 25, 26 തീയ്യതികളില്‍ കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് പ്രദര്‍ശനവും കെട്ടിട നിര്‍മാണ മേസ്തിരിമാര്‍ക്കുള്ള പരിശീലനവും നടത്തും. വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ മേഖലകളില്‍ ചൊവ്വാഴ്ച റോഡ് ഷോ നടത്തി. ഇന്ന് വെള്ളമുണ്ട, തൊണ്ടര്‍നാട്, തവിഞ്ഞാല്‍, മാനന്തവാടി, മേഖലകളിലും ജനുവരി 24ന് തിരുനെല്ലി, പൂതാടി, പനമരം, കോട്ടത്തറ, കണിയാമ്പറ്റ, കല്‍പ്പറ്റ എന്നിവിടങ്ങളിലും പര്യടനം നടത്തി കല്‍പ്പറ്റയില്‍ സമാപിക്കും.