കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണമുയര്‍ന്ന സാഹചര്യത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളായ കര്‍ണാടകയും തമിഴ്‌നാടും പരിശോധന ശക്തമാക്കി. അതിര്‍ത്തിയായ തലപ്പാടിയില്‍ വാക്‌സീന്‍ രണ്ട് ഡോസും എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്നായിരുന്നു ഇന്ന് രാവിലെ കര്‍ണാടക നിലപാടെങ്കിലും പിന്നീട് ഇവിടെയും പരിശോധന കര്‍ശനമാക്കി.
രണ്ട് ഡോസ് വാക്‌സീന് എടുത്തവര്‍ക്കും നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ നിലപാട്. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കാതെ തിരിച്ച് വിടുകയാണ്. കേരള- കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി വരെ മാത്രമാണ് കെഎസ്ആര്‍ടിസിയുടെ സര്‍വ്വീസ് അനുവദിക്കുന്നുള്ളു. അതിര്‍ത്തി കടന്നാല്‍ കര്‍ണാടക ബസുകളില്‍ നഗരത്തിലേക്ക് എത്താനുള്ള സജ്ജീകരണമാണ് കര്‍ണാടക സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.
പാലക്കാട്-തമിഴ്ടാനാട് അതിര്‍ത്തിയില്‍ തമിഴ്‌നാടും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. രാവിലെ മുതല്‍ തന്നെ പൊലീസ് ഇ- പാസ് പരിശോധനയും ശരീര താപനില പരിശോധനയും നടത്തിയ ശേഷമാണ് യാത്രക്കാരെ അതിര്‍ത്തി കടത്തി വിടുന്നത്. ആദ്യ ദിവസമായതിനാല്‍ ഇന്ന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെയും കടത്തി വിടുമെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു. നാളെ മുതല്‍ കര്‍ശന പരിശോധന നടത്താനാണ് തീരുമാനം