സീതാദേവി ലവകുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയിറങ്ങി. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ആറാട്ടെഴുന്നള്ളത്ത് ഞായറാഴ്ച രാത്രി നടന്നു. ഉച്ചയ്ക്ക് നടന്ന അന്നദാനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. രാത്രി ഗജവീരന്റേയും താലപ്പൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ചേടാറ്റിന്‍കാവിലേക്ക് ആറാട്ട് എഴുന്നള്ളത്തില്‍ നൂറുകണക്കിന് സ്ത്രീകള്‍ താലപ്പൊലിയേന്തി. ചേടാറ്റിന്‍കാവിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം തിടമ്പ് നഗരം ചുറ്റി ക്ഷേത്രക്കുളത്തിലെത്തിച്ചു. തുടര്‍ന്ന് നടന്ന ആറാട്ട് ചടങ്ങുകള്‍ക്ക് തന്ത്രി ഡോ. ഗോവിന്ദ രാജ് എമ്പ്രാന്തിര മുഖ്യകാര്‍മികത്വം വഹിച്ചു. ആറാട്ടിന് ശേഷം ക്ഷേത്രമുറ്റത്തെ കൊടിയിറക്കി.
ആറാം ഉത്സവദിനമായ തിങ്കളാഴ്ച താന്ത്രിക കര്‍മങ്ങള്‍, ഗണപതിഹോമം, ഉഷപൂജയോടെ 25 കലശം എന്നിവയോടെ ഉത്സവ ചടങ്ങുകള്‍ സമാപിക്കും. ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി. വിജേഷ്, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് എം.ബി. രാമകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി വിജയന്‍ കുടിലില്‍, ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍ നായര്‍, വിക്രമന്‍ എസ്.നായര്‍, പി.ആര്‍. തൃദീപ് കുമാര്‍, കെ.ഡി. ഷാജിദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.