ലക്ഷ്യബോധമുള്ളതും ഗുണമേന്മയേറിയതുമായ വിദ്യാഭ്യാസമാണ് ഏറ്റവും വലിയ സമ്പാദ്യമെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തില്‍ മുട്ടില്‍ ഡബ്ല്യു.എം.ഒ. കോളേജില്‍ നടന്ന ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. ന്യൂനപക്ഷ വിഭാഗത്തിന് ഭരണഘടനാപരമായി അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ ആര്‍ജ്ജിക്കാന്‍ കഴിയണം. സമൂഹത്തിലെ ദുര്‍ബലരായവര്‍ക്ക് മറ്റു സമൂഹത്തിന് തുല്യമായ വിദ്യാഭ്യാസവും ജീവിത ലക്ഷ്യങ്ങളും നിറവേറ്റാന്‍ കഴിയണം. വിദ്യാഭ്യാസം, ജോലി ,ജീവിത സുരക്ഷിതത്വം എന്നിവയെല്ലാം എത്തിപ്പിടിക്കാന്‍ ന്യൂന പക്ഷ വിഭാഗത്തിനായി അനേകം സര്‍ക്കാര്‍ പദ്ധതികളുണ്ട്. ഇതൊന്നും അറിയാത്തവര്‍ സാധാരണ സമൂഹത്തില്‍ ഒട്ടേറെയുണ്ട്. ഇവരെല്ലാം പഠിച്ച് മുന്നേറാനുള്ള ആഗ്രഹങ്ങളെയെല്ലാം വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ തളച്ചിടുകയാണ്. വിദ്യാഭ്യാസത്തിന് ആവശ്യമുള്ള പണമില്ല, സാഹചര്യമില്ല എന്നെല്ലാം മുന്‍വിധിയെഴുതി ജീവിത പ്രാരാബ്ദങ്ങളിലേക്ക് ഒതുങ്ങുകയാണ് പലരുമെന്നത് യാഥാര്‍ത്ഥ്യമാണ്. സ്വപ്നങ്ങളെ പിന്തുടര്‍ന്ന് ഇവര്‍ക്കും വലിയ ലക്ഷ്യങ്ങളിലെത്താം. ഇതിനെല്ലാം ന്യൂനപക്ഷ കമ്മീഷനും വഴികാട്ടും. സമൂഹത്തില്‍ വിദ്യാഭ്യാസം കൊണ്ട് നേടിയെടുക്കാന്‍ കഴിയാത്തതായി ഒന്നുമില്ല. സര്‍ക്കാര്‍ ജോലി മാത്രമല്ല ജീവിതത്തിന്റെ അടിസ്ഥാനം. അതിലുപരി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ മൂല്യവത്തായ വിദ്യാഭ്യാസത്തിലൂടെ ശോഭിക്കാന്‍ കഴിയും. അതെല്ലാം നേടിയെടുക്കാന്‍ മതന്യൂനപക്ഷ വിഭാഗങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കണം. വിവിധ മതന്യൂന പക്ഷവിഭാഗങ്ങളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ന്യൂനപക്ഷ കമ്മീഷന്‍ വയനാട് ജില്ലയില്‍ നടത്തിയ ബോധവത്കരണ സെമിനാര്‍ ശ്രദ്ധേയമാണെന്നും ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എ.എ.റഷീദ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ.സൈഫുദ്ദീന്‍ ഹാജി വിഷയാവതരണം നടത്തി. കമ്മീഷന്‍ അംഗം പി.റോസ, എ.ഡി.എം എന്‍.ഐ.ഷാജു, സംഘാടകസമിതി ചെയര്‍മാന്‍ ഖാദര്‍ പട്ടാമ്പി, പി.പി.അബ്ദുള്‍ ഖാദര്‍, , ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ.അഹമ്മദ്ഹാജി, സെമിനാര്‍ സ്വാഗതസംഘം കണ്‍വീനര്‍ ഫാ.വര്‍ഗ്ഗീസ് മണ്‍റോത്ത് ഫാ.വര്‍ഗ്ഗീസ് മറ്റമന, വയനാട് ജൈന സമാജം ഡയറക്ടര്‍ സി.മഹേന്ദ്രകുമാര്‍ കളക്‌ട്രേറ്റ് എം.സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് ഷീബാമ്മ ജോസഫ് എന്നിവര്‍ സംസാരിച്ചു. പോസ്റ്റല്‍ ബാങ്കിങ്ങ് സേവനത്തെക്കുറിച്ച് മാനന്തവാടി പോസ്റ്റല്‍ ബാങ്ക് മാനേജര്‍ കെ.നിയ ചടങ്ങില്‍ വിശദീകരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.