അമ്പലവയലിനെ കണ്ണീരിലാഴ്ത്തി പൊതു പ്രവര്‍ത്തകന്‍ നിജീഷിന്റെ വിടവാങ്ങല്‍.

0

ആദിവാസികളുടെ ഉന്നമനത്തിനായും നാടിന്റെ പുരോഗതിക്കുവേണ്ടിയും അഹോരാത്രം കഷ്ടപ്പെട്ട യുവാവായിരുന്നു അദ്ദേഹം.അരിവാള്‍ രോഗബാധിതനായ നിജീഷ് സ്വന്തംവേദനകള്‍ മറന്ന് പൊതുമണ്ഡലത്തില്‍ എന്നും നിറഞ്ഞുനിന്നു.ജില്ലയിലെ ഗോത്രവിഭാഗങ്ങള്‍ക്കിടയിലെ പരിഹാരമില്ലാത്ത പ്രശ്നങ്ങളെ നിരന്തരം അധികൃതര്‍ക്ക് മുന്നിലെത്തിക്കുന്ന എ.കെ.എസിന്റെ യുവ നേതാക്കളില്‍ പ്രധാനിയായിരുന്നു നിജീഷ്.സി.പി.എം. അംഗമായ അദ്ദേഹം അച്ചടക്കമുളള പാര്‍ട്ടിപ്രവര്‍കനെന്ന നിലയിലും പ്രശ്നങ്ങളിലിടപെടുന്ന നല്ല നേതാവെന്ന നിലയിലും ശ്രദ്ധേയനായിരുന്നു. ആയിരംകൊല്ലി വാര്‍ഡ് കണ്‍വീനറും, ട്രൈബല്‍ പ്രമോട്ടറും, സിപിഐ.എം ബ്രാഞ്ച് മെമ്പറുമായിരുന്നു. ചീങ്ങേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഫാമിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ സമരങ്ങള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്‍കി. ആയിരംകൊല്ലി പ്രദേശത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി നിജീഷിന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ക്കും വകുപ്പുദ്യോഗസ്ഥര്‍ക്കും നല്‍കിയ നിവദനങ്ങള്‍ എണ്ണമറ്റവയാണ്. പെട്ടന്നൊരു സുപ്രഭാതത്തില്‍ സഖാവ് നിജീഷ് പൊതുമണ്ഡലത്തില്‍നിന്ന് പിന്‍വാങ്ങുമ്പോള്‍ അമ്പലവയലിന് നഷ്ടമാകുന്നത് നല്ലൊരു ജനസേവകനെയാണ്.അരിവാള്‍ രോഗബാധിതനായ നിജീഷ് തന്റെ വേദനകളെല്ലാം മറന്നാണ് മറ്റുളളവര്‍ക്കുവേണ്ടി സമയം മാറ്റിവെച്ചത്. കഴിഞ്ഞയാഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണമടഞ്ഞത്.ഇന്ന് ആയിരംകൊല്ലിയിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളിലുളളവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!