താമരശ്ശേരി ചുരം റോഡിലെ ഗതാഗതപ്രശ്‌നത്തിന് പ്രായോഗിക പരിഹാരമാര്‍ഗ്ഗം നടപ്പാക്കണമെന്ന ആവശ്യവുമായി നീലഗിരി വയനാട് എന്‍.എച്ച് ആന്റ് റയില്‍വേ ആക്ഷന്‍കമ്മറ്റി രംഗത്ത്. ചുരത്തില്‍ അടിക്കടിയുണ്ടാകുന്ന ഗതാഗതതടസ്സം വയനാടിനെ ദുരിതത്തിലാക്കുകയാണ്. ബദല്‍ പാതകള്‍ സാമൂഹ്യവും,സാമ്പത്തികവും, പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുമെന്നാണ് ആക്ഷന്‍കമ്മറ്റിയുടെ വാദം. അതിനാല്‍ താമരശ്ശേരി ചുരത്തിനോട് ചേര്‍ന്ന് തന്നെ സാധ്യതകള്‍ കണ്ടെത്തി പരിഹാരമാര്‍ഗങ്ങള്‍ നടപ്പാക്കുകയാണ് വേണ്ടതെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്.
അടിവാരം മുതല്‍ ഏഴാംവളവിന് അടുത്ത് വരെ സ്വകാര്യഭൂമിയാണ്. ചുരത്തിന് മുകളില്‍ ഒമ്പതാം വളവിന് അടുത്തെത്തുന്നരീതിയിലും സ്വകാര്യഭൂമിയുണ്ട്. ഈ സ്ഥലങ്ങള്‍ക്കിടയില്‍ ഏകദേശം ഒരു കി.മീറ്റര്‍ മാത്രമേ ദൂരമുള്ളൂ. ഈഭാഗത്ത് ടണലോ മേല്‍പ്പാലമോ നിര്‍മിച്ച് അടിവാരത്തിനും ലക്കിടിക്കുമിടയില്‍ സ്വകാര്യഭൂമിയിലൂടെ ആറുവരിപ്പാത നിര്‍മിക്കാനാവും. വനസംരക്ഷണ നിയമത്തില്‍ പാര്‍ലമെന്റ് അടുത്തിടെ കൊണ്ടുവന്ന ഭേദഗതി പ്രകാരം രാജ്യാതിര്‍ത്തിയില്‍നിന്ന് നൂറ് കി.മി. വരെ അകലത്തില്‍ വനത്തിലൂടെ ദേശീയപാതയും റയില്‍വേയും നിര്‍മിക്കാനുള്ള തടസ്സം മാറിയ സാഹചര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കും. കൈതപ്പൊയിലില്‍ തുടങ്ങി ലക്കിടിയില്‍ അവസാനിക്കുന്ന രീതിയില്‍ 6കി.മീറ്ററിലും 15കി.മീറ്ററിലും വരുന്ന രണ്ട് അലൈന്‍മെന്റുകളോട് കൂടിയ പ്രാദമിക പഠന റിപ്പോര്‍ട്ട് ഇതിനോടകം നീലഗിരി വയനാട് എന്‍എച്ച് ആന്റ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്.. ഇത് കേരളാ പൊതുമരാമത്ത് വകുപ്പിനും ദേശീയപാത അതോറിറ്റിക്കും കൈമാറും.
സംസ്ഥാന സര്‍ക്കാര്‍, ആക്ഷന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ച പാതയുടെ ഡി.പി.ആര്‍ തയ്യാറാക്കി ദേശീയപാത അതോറിറ്റിക്ക് സമര്‍പ്പിച്ചാല്‍ ദേശീയ പാതഅതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് തന്നെ പാതയുടെ നിര്‍മാണ പ്രവൃത്തി നടത്താനാവുമെന്ന പ്രതീക്ഷയാണ് ആക്ഷന്‍കമ്മറ്റി പങ്കുവെക്കുന്നത്. വയനാടിന്റെ യാത്രാദുരിതം കുറക്കാന്‍ ഇത് ഏറ്റവും പ്രയോഗികമായ മാര്‍ഗ്ഗമായിരിക്കുമെന്നു വിലയിരുത്തലിലാണ് കമ്മറ്റി. പൊതുസമൂഹത്തിന്റെ അഭിപ്രായ രൂപികരണത്തിനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി അടുത്തആഴ്ച്ച കല്‍പ്പറ്റയില്‍ കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കാനുമാണ് ആക്ഷന്‍കമ്മറ്റിയുടെ തീരുമാനം.