ചുരത്തില്‍ വീണ്ടും ഗതാഗത നിയന്ത്രണം

0

വയനാട് ചുരത്തില്‍ വീണ്ടും വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി കോഴിക്കോട് ജില്ലാ കളക്ടര്‍. അവധി ദിനങ്ങളില്‍ വൈകിട്ട് 3 മുതല്‍ രാത്രി 9 വരെ വലിയ വാഹനങ്ങള്‍ അനുവദിക്കില്ല. ചുരത്തില്‍ അപകടങ്ങളും ഗതാഗതക്കുരുക്കും വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ചുരത്തില്‍ അനധികൃതമായി വാഹനം പാര്‍ക്കു ചെയ്യുന്നവര്‍ക്കെതിരെ പിഴ ചുമത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. താമരശ്ശേരി ചുരത്തില്‍ ശക്തമായ ഗതാഗതക്കുരുക്ക് ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് അവധി ദിനങ്ങളില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ ഉത്തരവിട്ടത്.

 

നിയന്ത്രണങ്ങള്‍ ഇങ്ങനെ 

  • ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു അവധി ദിനങ്ങളിലും, രണ്ടാം ശനിയോട് ചേര്‍ന്ന് വരുന്ന വെള്ളിയാഴ്ചകളിലും വൈകുന്നേരം 3 മണിക്കും 9 മണിക്കും ഇടയില്‍ വലിയ വാഹനങ്ങള്‍ ചുരത്തില്‍ അനുവദിക്കില്ല.
  • ആറു ചക്രത്തില്‍ കൂടുതലുള്ള ടിപ്പറുകള്‍, പത്ത് ചക്രത്തില്‍ കൂടുതലുള്ള ചരക്ക് വാഹനങ്ങള്‍, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍, ട്രക്കുകള്‍ തുടങ്ങിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം.
  • തിങ്കളാഴ്ച രാവിലെ 6 മുതല്‍ 9 മണി വരെയും ഈ നിരോധനം പ്രാബല്യത്തില്‍ ഉണ്ടാകും.
  • ചുരത്തില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്നും പിഴ ഈടക്കും.
  • ചുരത്തില്‍ ഉണ്ടാകുന്ന അപകടങ്ങള്‍, വാഹന തകരാറുകള്‍ എന്നിവ അടിയന്തരമായി പരിഹരിച്ച് ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള സേവനം വേഗത്തില്‍ ലഭ്യമാക്കുന്നതിനായി എമര്‍ജന്‍സി സംവിധാനം ഏര്‍പ്പെടുത്താന്‍ താമരശ്ശേരി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അവധി ദിവസങ്ങളില്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തി ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ സമാന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസവും ഗതാഗതം തടസമുണ്ടായത് കണക്കിലെടുത്താണ് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീണ്ടും നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത്. നേരത്തെയും പലതവണ ഗതാഗതകുരുക്കുണ്ടായപ്പോള്‍ ഭാരമേറിയ വാഹനങ്ങള്‍ക്ക് താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് നടപ്പായില്ല. പലഘട്ടങ്ങളിലായി ഉത്തരവിറക്കുമ്‌ബോഴും ഇത് കാര്യക്ഷമമായി നടപ്പാക്കാന്‍ പൊലീസോ അധികൃതരോ തയ്യാറാകുന്നില്ലെന്ന ആരോപണമാണ് നിലനില്‍ക്കുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!