ഷെറിന്‍ ഷഹാന ഇനി ഇന്ത്യന്‍ റെയില്‍വേയുടെ താരതിളക്കം
പ്രതിസന്ധികളിലും തളരാതെ വീല്‍ ചെയറിലിരുന്ന് തന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി ഷെറിന്‍ ഷഹാന. ഷെറിന്‍ ഇനി ഇന്ത്യന്‍ റെയില്‍വേയുടെ താരതിളക്കം.ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസില്‍(ഐ.ആര്‍.എം.എസ് )പ്രവേശനം. നവംബര്‍ 6ന് ലക്‌നൗ ഇന്ത്യന്‍ റയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റില്‍ പരിശീലനം തുടങ്ങും.
സിവില്‍ സര്‍വീസ് ലഭിച്ചെങ്കിലും ഈ വര്‍ഷം പരിശീലനം നേടാന്‍ കഴിയിലെന്ന് തോന്നിയിരുന്നു. എന്നാല്‍ ലക്‌നൗ ഇന്ത്യന്‍ റയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റില്‍ നിയമനം ലഭിച്ചതില്‍ അളവറ്റ സന്തോഷമുണ്ടെന്ന് ഷെറിന്‍ ഷഹാന പറഞ്ഞു.കണിയാമ്പറ്റ തേനൂട്ടി കല്ലിങ്കല്‍ പരേതനായ ഉസ്മാന്റെയും ആമിനയുടെയും മകളാണ് ഷെറിന്‍ ഷഹാന. 2017ല്‍ ടെറസില്‍ നിന്നും കാല്‍ വഴുതി വീണതോടെയാണ് ഷെറിന്‍ ഷഹാനയുടെ ജീവിതം വീല്‍ ചെയറിലായത്. പരിക്ക് അതീവ ഗുരുതര മായതിനാല്‍ ഡോക്ടര്‍മാര്‍ മരണം ഉറപ്പിച്ചു. തോല്‍ക്കാന്‍ ഷഹാനയും വീട്ടുകാരും തയ്യാറായിരുന്നില്ല. ലക്ഷങ്ങള്‍ മുടക്കി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ ചികിത്സയുടെ അനന്തരഫലം അരയ്ക്കുതാഴെ തളര്‍ന്ന വിതമായിരുന്നു. അവിടെ നിന്നാണ് അതിജീവനത്തിന് തുടക്കം കുറിച്ചത്.ഏത് പ്രതിസന്ധിയെയും പുഞ്ചിരിയോടെ നേരിടുന്ന ഷറിന്‍ ഷഹാന ആത്മശ്വാസം കൈവിടാതെ തന്റെ സ്വപ്നങ്ങള്‍ക്കു പിറകെ സഞ്ചരിച്ചു. അബ്‌സല്യൂട്ട് സിവില്‍ സര്‍വീസ് അക്കാഡമിയില്‍ ചേര്‍ന്നു. ഭിന്നശേഷിക്കാര്‍ക്കുള്ള ചിത്രശലഭം സിവില്‍ സര്‍വീസ് പരിശീലനത്തിലായിരുന്നു പ്രവേശനം. കോവിഡ് കാലത്ത് ഓണ്‍ലൈനായും അല്ലാത്ത സമയങ്ങളില്‍ തിരുവനന്തപുരം ക്യാമ്പസില്‍ എത്തിയും പഠനം പൂര്‍ത്തിയാക്കി. ആദ്യശ്രമത്തില്‍ വിജയിക്കാനായില്ലെങ്കിലും രണ്ടാം തവണ 913-ാം റാങ്കുനേടിലക്ഷ്യം തൊട്ടു.