യുവാവ് തലക്കടിയേറ്റ് മരണപ്പെട്ട സംഭവത്തില്‍ പിതാവിനെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.കല്ലുവയല്‍ കതവക്കുന്ന് തെക്കേക്കര വീട്ടില്‍ ശിവദാസനെയാണ് അറസ്റ്റ് ചെയ്തത്.പിതാവിനെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ബത്തേരി ഡി.വൈ.എസ്.പി. കെ.കെ. അബ്ദുള്‍ ഷെരീഫ്, പുല്‍പ്പള്ളി സിഐ എ.അനന്തകൃഷ്ണന്‍, എസ്.ഐ. സി.ആര്‍. മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് .
നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത പോലീസ് കാവലിലായിരുന്നു തെളിവെടുപ്പ് . തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ ബന്ധുക്കളും നാട്ടുകാരും ശിവദാസനെതിരെ രോക്ഷാകുലരായി. പോലീസ് ഇടപെട്ടാണ് ഇവരെ ശാന്തരാക്കിയ ശേഷമാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു ഷെഡ് കേളക്കവല റോഡില്‍വെച്ച് പ്രതിയെ പോലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം വനത്തില്‍ ഫോണ്‍ ഉപേക്ഷിച്ച് രക്ഷപെട്ട പ്രതിയെ ബത്തേരി ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ അന്വേഷിക്കുന്നതിനിടെയായിരുന്നു ഷെഡ് കവലയില്‍വെച്ച് പിടിയിലായത്. പ്രതിയെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമായതെന്നും പ്രതി പോലീസിനോട് പറഞ്ഞു. കൊല്ലപ്പെട്ട അമല്‍ദാസിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകിട്ടോടെ വീട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.