സംസ്‌കൃതി ഓപ്പണ്‍ തിയ്യേറ്റര്‍ ഉദ്ഘാടനം ചെയ്തു

0

ബത്തേരി ഓടപ്പള്ളം ഗവ. ഹൈസ്‌ക്കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സംസ്‌കൃതി ഓപ്പണ്‍ തീയ്യേറ്റര്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. കായിക വകുപ്പ് പട്ടികവര്‍ഗ്ഗ വികസന വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന കായിക പ്രവര്‍ത്തനങ്ങളില്‍ ഓടപ്പളളം സ്‌കൂളിനെയും ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച ഹരിത വിദ്യാലയമായി റിയാലിറ്റിഷോയിലൂടെ തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായി നിര്‍മ്മിച്ച സ്‌കൂള്‍ ഐക്കണിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. നാട്ടുകലകളുടെ അവതരണത്തിനും പരിശീലനത്തിനും ഗവേഷണത്തിനുമായിട്ടാണ് ഓപ്പണ്‍ തീയ്യേറ്റര്‍ സജ്ജമാക്കിയത്.

സ്‌കൂള്‍ സമയത്തിന് ശേഷം കുട്ടികള്‍ക്ക് നാടന്‍ കലകള്‍ അഭ്യസിക്കുന്നതിന് ഓപ്പണ്‍ തിയേറ്ററില്‍ സൗകര്യമുണ്ട്. ചൂട്ട് നാടന്‍ കലാ പഠന ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ കുട്ടികള്‍ക്ക് പരിശീലനം ലഭിക്കും. സംസ്‌കൃതി സാംസ്‌ക്കാരിക വേദി എന്ന കുട്ടികളുടെ കൂട്ടായ്മയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ചൂട്ട് നാടന്‍കലാ പഠന ഗവേഷണ കേന്ദ്രവും സ്‌കൂളിലെ വിദ്യാര്‍ത്ഥികളും കലാപരിപാടികള്‍ അവതരിപ്പിച്ചു. ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ്, നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ ടോം ജോസ്, കെ.റഷീദ്, ഷാമില ജുനൈസ്, സാലി പൗലോസ്, കൗണ്‍സിലര്‍മാരായ പ്രിയാ വിനോദ്, വത്സ ജോസ്, എസ് രാധാകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ എ.ബി അഖില, എ. ഇ.ഒ ജോളിയമ്മ മാത്യു, പ്രധാനധ്യാപിക കെ കമലം, ഡയറ്റ് പ്രതിനിധി സതീഷ് കുമാര്‍, അബ്ദുള്‍ നാസര്‍, ഫാ ജെയിംസ് മലേപ്പറമ്പില്‍, ബെറ്റി ജോര്‍ജ്, എം.സി ശരത് തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!