സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പുതിയ റെക്കോര്‍ഡിട്ട് അമ്പലവയല്‍ ആണ്ടൂര്‍ സ്വദേശി എന്‍.എസ് കാര്‍ത്തിക്. 14 വയസ്സില്‍ താഴെയുളള ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ആണ് കാര്‍ത്തിക് മീറ്റ് റെക്കോര്‍ഡ് തിരുത്തിയത്. കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14 മീറ്റര്‍ എറിഞ്ഞാണ് കാര്‍ത്തിക് റെക്കോര്‍ഡിട്ടത്.
വെറും ഏഴുമാസത്തെ പരിശീലനത്തിലൂടെയാണ് കാര്‍ത്തിക്ക് ഈ നേട്ടം സ്വന്തമാക്കിയത്. ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ കാര്‍ത്തിക് കഴിഞ്ഞ സ്‌കൂള്‍ കായികമേളയിലും സംസ്ഥാനതലം വരെയെത്തിയിരുന്നു. എന്നാല്‍ മെഡല്‍ നേടാനായില്ല. പിന്നീട് അമ്പലവയല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ കായികാധ്യാപകന്‍ ഗോപാലകൃഷ്ണന്റെ ശിക്ഷണത്തില്‍ വന്നതോടെയാണ് കാര്‍ത്തിക്കിന്റെ പ്രകടനം മെച്ചപ്പെട്ടത്. 2021ല്‍ മലപ്പുറത്തിന്റെ മുഹമ്മദ് നിഷാം സ്ഥാപിച്ച 11.36 മീറ്റര്‍ എന്ന റെക്കോര്‍ഡ് പഴങ്കഥയാക്കി കാര്‍ത്തിക്കിന്റെ 14 മീറ്റര്‍ റെക്കോര്‍ഡ് നേട്ടം പിറന്നു.
അമ്പലവയല്‍ ആണ്ടൂര്‍ സ്വദേശികളായ ഷിജുവിന്റെയും അനിലയുടെയും മകനായ കാര്‍ത്തിക് എല്ലാദിവസവും രാവിലെയും വൈകിട്ടും അമ്പലവയല്‍ സ്‌കൂള്‍ ഗ്രൗണ്ടിലെ പരിശീലനത്തിലൂടെയാണ് മികച്ചനേട്ടം സ്വന്തമാക്കിയത്. ഇനി ജില്ലാ സ്‌കൂള്‍ മീറ്റ്, അമച്വറില്‍ നാഷണല്‍ മീറ്റ് എന്നിവയാണ് അടുത്തതായി വരാനുളള മത്സരങ്ങള്‍. അതിനുളള തയ്യാറെടുപ്പിലാണ് താരം.