ബത്തേരി രൂപത ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമാപിച്ചു
കേരള സഭാ നവീകരണ വര്‍ഷത്തിന്റെ ഭാഗമായി ബത്തേരി രൂപതയില്‍ രൂപതല ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമാപിച്ചു. 2023 ഒക്ടോബര്‍ 2 ന് ബത്തേരി സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ വിശുദ്ധ കുര്‍ബാനയും നമ്മുടെ ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി പത്തനംതിട്ട രൂപതാധ്യക്ഷന്‍ അഭിവന്ദ്യ സാമുവേല്‍ മോര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ക്ലാസ് നയിച്ചു. ദിവ്യകാരുണ്യ കേന്ദ്രീകൃതമാണ് സഭ എന്നും ഓരോ വിശ്വാസിയും അതുവഴി സഭയും വിശുദ്ധീകരിക്കപ്പെടണമെന്നും അഭിവന്ദ്യ പിതാവ് ആഹ്വാനം ചെയ്തു.
പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുയും രക്തസാക്ഷിത്വം കൊണ്ടും ആണ് സഭ വളര്‍ന്നതെന്നും യേശുക്രിസ്തു ഈ ലോകത്തില്‍ കുരിശില്‍ മരിച്ചു ശൂന്യവല്‍ക്കരിച്ചും ആണ് ജീവിച്ചത്.യേശുക്രിസ്തുവിന്റെ സഭയ്ക്ക് സംവിധാനങ്ങളിലൂടെയുള്ള വളര്‍ച്ചയല്ല ഉണ്ടാകേണ്ടതെന്നും സാക്ഷ്യത്തിലൂടെയുള്ള വളര്‍ച്ച വഴിയാണ് സഭ ശക്തി പ്രാപിക്കേണ്ടതെന്നും അഭിവന്ദ്യ പിതാവ് കൂട്ടിച്ചേര്‍ത്തു. രാവിലെ 8.30ന് ജപമാലയോടുകൂടി ആരംഭിച്ച ദിവ്യകാരുണ്യ കോണ്‍ഗ്രസ് ക്ലാസിനു ശേഷം ആരാധനയും തുടര്‍ന്ന് ബത്തേരി രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ജോസഫ് മോര്‍ തോമസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോട് കൂടി സമാപിച്ചു.
അഭിവന്ദ്യ സാമൂവേല്‍ മോര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായും രൂപതയിലെ ബഹുമാനപ്പെട്ട എല്ലാ വൈദികരും സഹകാര്‍മികരായിരുന്നു. ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ബത്തേരി രൂപതയുടെ മുഖ്യ വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ സെബാസ്റ്റ്യന്‍ കീപ്പള്ളി കോറെപ്പിസ്‌കോപ്പ സ്വാഗതം ആശംസിക്കുകയും മോണ്‍സിഞ്ഞോര്‍ ഡോക്ടര്‍ ജേക്കബ് ഓലിക്കല്‍ നന്ദി പറയുകയും ചെയ്തു.
ദിവ്യകാരുണ്യ കോണ്‍ഗ്രസിന് രൂപത ചാന്‍സിലര്‍ ബഹുമാനപ്പെട്ട ഫാ. സെബാസ്റ്റ്യന്‍ ഇടയത്ത്, ഫാ. വില്‍സണ്‍ കൊച്ചുപ്ലാക്കല്‍ , ഫാ. തോമസ് ക്രിസ്തുമന്ദിരം , ഫാദര്‍ ബെന്നി പനച്ചി പറമ്പില്‍, ഫാദര്‍ തോമസ് കാഞ്ഞിരമുകളില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ശ്രീ ഫിലിപ്പ് നൈനാന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബത്തേരി രൂപതയിലെ വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നുള്ള സിസ്റ്റേഴ്‌സ്. 10 മേഖലകളില്‍ നിന്നുള്ള 105 ഇടവകകളില്‍ നിന്നുള്ള പ്രതിനിധികള്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ വിശ്വാസികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.