പഠനം സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി കൂടിയാവണം: മന്ത്രി കെ.രാധാകൃഷ്ണന്‍

0

പഠനം എന്നത് കേവലം പരീക്ഷയെഴുതി ജയിക്കാന്‍ വേണ്ടി മാത്രമല്ല, സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി കൂടി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ സ്പാര്‍ക്ക് വിദ്യാഭ്യാസ പദ്ധതിയുടെ 2023 -24 വാര്‍ഷിക ഉദ്ഘാടനം കല്‍പ്പറ്റ എസ്‌കെഎംജെ ജൂബിലി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ല സമൂഹം കെട്ടിപ്പടര്‍ത്താന്‍ തങ്ങള്‍ക്കും പങ്കുണ്ടെന്ന് ഓരോ വിദ്യാര്‍ത്ഥികളും തിരിച്ചറിയണമെന്നും വയനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പരിഹരിക്കാന്‍ ഇതുപോലുള്ള സംരംഭങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇച്ഛാശക്തിയോടുകൂടി ഈ പദ്ധതി വിജയിപ്പിക്കാന്‍ കക്ഷി രാഷ്ട്രീയ ജാതിമത വേദമന്യേ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ ടി സിദ്ദിഖ് പരിപാടിയില്‍ അധ്യക്ഷനായി. നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്, സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍, വിവിധ കേന്ദ്ര, സംസ്ഥാന സര്‍വ്വകളാശാലകളിലെ പ്രവേശനം തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കിയും ഭൗതിക സാഹചര്യങ്ങളില്‍ മുന്നേറ്റം നടത്തിയും കല്പറ്റയുടെ വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ ലക്ഷ്യം വക്കുന്നതാണ് സ്പാര്‍ക്ക് പദ്ധതി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, വയനാട് ജില്ലാ പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശശീന്ദ്ര വ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ ശരത് ചന്ദ്രന്‍, വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജിറ്റോ ലൂയിസ്, കാക്കവയല്‍ ഹെഡ്മാസ്റ്ററും സ്പാര്‍ക്ക് അംഗവുമായ എം സുനില്‍കുമാര്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ. അജിത, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ ശിവരാമന്‍, സ്പാര്‍ക്ക് കോഡിനേറ്റര്‍ ബിനീഷ് കെ ആര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!