നേഴ്സിംഗ് കോളേജിന് ആരോഗ്യ സര്‍വ്വകലാശാലയുടെ അംഗീകാരം.
ജില്ലയില്‍ ആരോഗ്യമേഖലക്കൊരു പൊന്‍തൂവല്‍ കൂടി. മാനന്തവാടിയില്‍ ആരംഭിക്കുന്ന പുതിയ നേഴ്സിംഗ് കോളേജിന് ആരോഗ്യ സര്‍വ്വകലാശാലയുടെ അംഗീകാരം. ബി.എസ്.സി നേഴ്സിംഗിന് 60 സീറ്റുകള്‍ക്കാണ് അനുമതി ലഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ 2023-24 ബജറ്റ് പ്രസംഗത്തില്‍ ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലാണ് പുതുതായി അനുവദിച്ച മെഡിക്കല്‍ കോളേജുകളോട് അനുബന്ധിച്ച് നേഴ്സിംഗ് കോളേജുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപനം നടത്തിയത്.
നടപടികള്‍ അതി വേഗത്തിലാക്കിയ സര്‍ക്കാര്‍ അംഗീകാരത്തിനായി ആരോഗ്യസര്‍വ്വകാലശാല അധികൃതര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ സര്‍വ്വകാലശാല ഉന്നത ഉദ്യോഗസ്ഥര്‍വയനാട് മെഡിക്കല്‍ കോളേജ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം പരിശോധന നടത്തിയിരുന്നു.തുടര്‍ന്നാണ് നേഴ്സിംഗ് കോളേജ് ആരംഭിക്കുന്നതിന്അനുമതി നല്‍കിയത്. ഈ ഉത്തരവ് സംസ്ഥാന സര്‍ക്കാരില്‍ ലഭ്യമായതോടുകൂടി നേഴ്സിംഗ് കോളേജ് ആരംഭിക്കുന്നതിനുള്ള സാങ്കേതികത്വങ്ങള്‍ക്ക് വിരാമമായി.ഉടന്‍ തന്നെ നേഴ്സിംഗ് കോളേജില്‍ പ്രവേശനം നല്‍കും,
മാനന്തവാടി നിയോജക മണ്ഡലത്തില്‍ പനമരം കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴില്‍ ജനറല്‍ നേഴ്സിംഗ് കോളേജ് പ്രവര്‍ത്തിക്കുന്നുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ മറ്റൊരു മെഡിക്കല്‍ കോളേജ് കൂടി വരുന്നതോടെ മാനന്തവാടി മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലക്ക്ഇത്മുതല്‍ കൂട്ടാവും.