സ്പാര്‍ക്ക്’ വിദ്യാഭ്യാസ പദ്ധതി തുടങ്ങി

0

പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ മണ്ഡലത്തിലെ മുഴുവന്‍ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍മാരുടെയും ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെയും യോഗം കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ചേര്‍ന്നു.വിദ്യാഭ്യാസ മേഖലയില്‍ വിവിധ പദ്ധതികളിലൂടെ ഓരോ വര്‍ഷവും അക്കാദമിക, കായിക,കലാ രംഗങ്ങളിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്ത് അവര്‍ക്ക് ആവശ്യമായ പരിശീലനവും പിന്തുണയും നല്‍കി കല്‍പ്പറ്റ മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ,സാമൂഹിക പുരോഗതിയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അഡ്വ.ടി സിദ്ദിഖ് എം എല്‍ എ പറഞ്ഞു.

നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ്, സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍, വിവിധ കേന്ദ്ര, സംസ്ഥാന സര്‍വ്വകളാശാലകളിലെ പ്രവേശനം തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കിയും ഭൗതിക സാഹചര്യങ്ങളൊരുക്കിയും കല്‍പറ്റയുടെ വിദ്യാഭ്യാസ മേഖലയില്‍ കാതലായ മാറ്റങ്ങള്‍ ലക്ഷ്യം വക്കുന്നതാണ് സ്പാര്‍ക്ക് പദ്ധതി. വിവിധ പാഠ്യ-പാഠ്യേതര പദ്ധതികള്‍ തുടങ്ങിയവയിലേക്കും പദ്ധതി വ്യാപിപ്പിക്കും. സ്‌കൂളുകളില്‍ പരീക്ഷ നടത്തിയാണ് കുട്ടികളെ തിരഞ്ഞെടുക്കുക. ഇതിനായി സ്പാര്‍ക്ക് സ്‌കൂളുകളില്‍ സ്‌ക്രീനിങ് ടെസ്റ്റ് നടത്തും, പരീക്ഷയില്‍ നിശ്ചിത ശതമാനം മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികളെ സൗജന്യ പരിശീലനത്തിനായി തിരഞ്ഞെടുക്കും. ഹയര്‍ സെക്കന്ററി റീജിയണല്‍ ഡെപ്യുട്ടി ഡയറക്ടര്‍ എം. സന്തോഷ് കുമാര്‍, വയനാട് ജില്ലാ പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശശീന്ദ്ര വ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. ശരത് ചന്ദ്രന്‍, വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജിറ്റോ ലൂയിസ്, ഹയര്‍ സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ ഷിവി കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്പാര്‍ക്ക് ടീം അംഗങ്ങളായ എം. സുനില്‍ കുമാര്‍, കെ ആര്‍ ബിനീഷ്, പി.ജെ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!