നാടന്‍ പൂവന്‍ കോഴിക്ക് 4000 രൂപ: വൈറലായി ചിറ്റാലൂര്‍ക്കുന്നിലെ ജനകീയ ലേലം
നടവയല്‍ ചിറ്റാലൂര്‍ക്കുന്നില്‍ ഡി വൈ എഫ് ഐ നടത്തിയ ഓണാഘോഷത്തിലെ ജനകിയ ലേലത്തിലാണ് ഏകദേശം നാല് കിലോ തൂക്കമുള്ള കോഴി പൂവന് 4000 രൂപ ലഭിച്ചത്. സൗജന്യമായി സംഘാടകര്‍ക്ക് ലഭിച്ച പുവ്വന്‍ കോഴിയാണ് റെക്കോര്‍ഡ് വിലയില്‍ ലേലത്തിന് പോയത്. ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന 8-ാമത് ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് ജനകീയ ലേലം നടത്തിയത്. ഒടുവില്‍ ചിറ്റാലൂര്‍ക്കുന്ന് സ്വദേശി റെജി മാത്തുക്കുട്ടി 4000 രൂപക്ക് കോഴിയെ ലേലത്തില്‍ സ്വന്തമാക്കി.
സാധാരണ ലേലം വിളിയില്‍ മുട്ടനാടും , പോത്തും ഒക്കെ അണിനിരക്കാറുണ്ടങ്കിലും ഇത്തവണ നാടന്‍ പൂവന്‍ കോഴിയാണ് ലേലത്തില്‍ വെച്ചത് രസകരമെന്ന് പറയട്ടെ കോഴിയുടെ ഒപ്പം ചിക്കന്‍ മസാല , വെളിച്ചെണ്ണ , സവാള ബ്രഡ് , തുടങ്ങി കോഴി കറി വെക്കാനുള്ള സാധനങ്ങള്‍ അടക്കമാണ് ലേലത്തിന് വെച്ചത് . 100 രൂപയില്‍ ആരംഭിച്ച ലേലം ആയിരം കടന്നേതേടെ ആളുകള്‍ക്ക് ലേലം ഒരു ഹരമായി മാറുകയായിരുന്നു . വിളി തുക അപ്പോള്‍ തന്നെ നല്കിയാണ് ലേലം നടത്തുന്നത് . 4000 രൂപക്ക് ചിറ്റാലൂര്‍ക്കുന്ന് സ്വദേശി റെജി മാത്തുക്കുട്ടി ലേലം ഉറപ്പിച്ചതേടെ, സഹപ്രവര്‍ത്തകരായ യുവാക്കള്‍ അടക്കമുള്ളവര്‍പൂവന്‍ കോഴിയുമായി മടങ്ങി.