വയറിളക്ക രോഗ നിയന്ത്രണവും പാനീയ ചികിത്സയും;
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ‘വയറിളക്കരോഗ നിയന്ത്രണവും പാനീയ ചികിത്സയും’ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10 ന് മേപ്പാടി ഗ്രാമപഞ്ചായത്ത് എ.പി.ജെ ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. പി. ദിനീഷ് മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി സന്ദേശം നല്‍കും. മേപ്പാടി സാമൂഹ്യരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എം അര്‍ജുന്‍ ബോധവല്‍ക്കരണ ക്ലാസ്സെടുക്കും. ഡോക്ടര്‍ മൂപ്പന്‍സ് നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ബോധവല്‍ക്കരണ സ്‌കിറ്റ് അവതരിപ്പിക്കും. വാരാഘോഷത്തിന്റെ ഭാഗമായി വയറിളക്കരോഗ നിയന്ത്രണവും പാനീയ ചികിത്സയും എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കും.
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക് അവരുടെ നിലവിലെ പെട്രോള്‍, ഡീസല്‍, എല്‍.പി.ജി വില്‍പ്പനശാലകള്‍ എന്നിവയ്ക്കുള്ള പ്രവര്‍ത്തനമൂലധനമായി പരാമധി 10 ലക്ഷം രൂപ വരെ വായ്പ നല്‍കാന്‍ പരിഗണിക്കുന്നതിനായി കേരള സംസഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളും പൊതുമേഖലയിലുള്ള ഏതെങ്കിലും പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറും ആയിരിക്കണം. അപേക്ഷകന്‍ വായ്പക്ക് ആവശ്യമായ വസ്തു ജാമ്യം ഹാജരാക്കണം. വിലാസം, ഫോണ്‍ നമ്പര്‍, ജാതി, കുടുംബ വാര്‍ഷിക വരുമാനം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ഡീലര്‍ഷിപ്പ് ലഭിച്ച തീയതി, ഡീലര്‍ഷിപ്പ് അഡ്രസ്സ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ടൗണ്‍ ഹാള്‍ റോഡ്, തൃശൂര്‍-20 എന്ന വിലാസത്തില്‍ ലഭിക്കണം.
ലാബ് ടെക്‌നീഷ്യന്‍ നിയമനം
എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. ഡി.എം.എല്‍.ടി/ ബി.എസ്.സി എം.എല്‍.ടിയാണ് യോഗ്യത. ഡി.എം.ഇ അംഗീകൃത പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. പ്രവര്‍ത്തി പരിചയം അഭികാമ്യം. എടവക ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. ആഗസ്റ്റ് 24 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. ഫോണ്‍: 04935 296906.
കൂടിക്കാഴ്ച മാറ്റി
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ ആഗസ്റ്റ് 19 ന് നടത്താന്‍ നിശ്ചയിച്ച അസി. എഞ്ചിനീയര്‍ താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച മാറ്റിവെച്ചതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ടി.ടി.ഐ കലോത്സവം 21 ന്
ടി.ടി.ഐ കലോത്സവം ആഗസ്റ്റ് 21 ന് പുല്‍പ്പള്ളി സി.കെ.ആര്‍.എം കോളേജില്‍ നടക്കും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ കലോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്ര വ്യാസ് ജനറല്‍ കണ്‍വീനറും സി.കെ.ആര്‍.എം കോളേജ് പ്രിന്‍സിപ്പല്‍ ഷൈന്‍ പി. ദേവസ്യ കണ്‍വീനറുമായ 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
മരം ലേലം
പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ പടിഞ്ഞാറത്തറ വൈത്തിരി, തരുവണ, റോഡില്‍ പൊതുമരാമത്ത് ഓഫീസിന് സമീപം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിന്നിരുന്ന മാവുമരത്തിന്റെ മുറിച്ചിട്ട ശിഖരങ്ങള്‍, പടിഞ്ഞാറത്തറ ചെന്നലോട് മുണ്ടക്കുറ്റി ചേരിയംകൊല്ലി റോഡില്‍ സി.എച്ച് 5/450 ല്‍ നീര്‍മരുത്, പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് ബാങ്ക്കുന്നിലെ റോഡ് പ്രവര്‍ത്തിയുടെ ഭാഗമായി വിവധ മരങ്ങള്‍ ആഗസ്റ്റ് 25 ന് രാവിലെ 11 ന് പൊതുമരാമത്ത് നിരത്ത് വിഭാഗം പടിഞ്ഞാറത്തറ കാര്യാലയത്തില്‍ ലേലം ചെയ്യും.
വ്യാപാര സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുക്കണം
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും 15 ദിവസത്തിനകം ഗ്രാമപഞ്ചായത്തില്‍ നിന്നും ലൈസന്‍സ് എടുക്കണമെന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ലൈസന്‍സെടുക്കാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ശനി രാവിലെ 10 മുതല്‍ തൊണ്ടാര്‍നാട് ഡിവിഷനിലെ പുതുശ്ശേരി ക്ഷീരസംഘം ഓഫീസില്‍ ലഭ്യമാകും.