കല്‍പ്പറ്റ:ബത്തേരിയില്‍ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ സംസ്ഥാന ഗവര്‍ണറുടെ പേരില്‍ ഏറ്റെടുക്കുന്ന ഭൂമിയുടെ ആധാരവും ഫയലിംഗ് ഷീറ്റും വനം ഉദ്യോഗസ്ഥര്‍ തയാറാക്കുന്നതില്‍ പ്രതിഷേധവുമായി ആധാരം എഴുത്ത് അസോസിയേഷന്‍.വനം ഉദ്യോഗസ്ഥരുടേത് ആധാരം എഴുത്തുകാരുടെ ഉപജീവനമാര്‍ഗത്തിലുള്ള കടന്നുകയറ്റമാണെന്നും അവസാനിപ്പിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചില്‍ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഏറ്റെടുത്തതില്‍ 42 ആധാരങ്ങളും ഫയലിംഗ് ഷീറ്റും തയാറാക്കിയത് വനം ഉദ്യോഗസ്ഥരാണ്.ഭൂമി വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും രജിസ്ട്രേഷനുള്ള ആധാരം സ്വയം തയാറാക്കാന്‍ നിയമപരമായി അനുവാദമുണ്ട്. ഇതിന്റെ മറപിടിച്ചാണ് വനം ഓഫീസിനെ സമാന്തര ആധാരം എഴുത്ത് ഓഫീസായി ഉദ്യോഗസ്ഥര്‍ മാറ്റുന്നത്. ഭൂമി ഗവര്‍ണറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന മുറക്കാണ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി ഗുണഭോക്താവിനു പണം ലഭിക്കുന്നത്. കക്ഷികളെ സഹായിക്കാനെന്ന വ്യാജേനയാണ് വനം ഉദ്യോഗസ്ഥര്‍ ആധാരവും ഫയലിംഗ് ഷീറ്റും തയാറാക്കി ഒപ്പു വാങ്ങി രജിസ്ട്രേഷന്‍ നടത്തുന്നത്.മലയാളം എഴുത്തും വായനയും അറിയാത്തവരാണ് ആധാരത്തില്‍ ഒപ്പിട്ടിരിക്കുന്ന കക്ഷികളില്‍ പലരും. ഇത് ഭാവിയില്‍ പലതരത്തിലുള്ള നിയമപ്രശ്നങ്ങള്‍ക്കു കാരണമാകും. ആധാരം തയാറാക്കുന്നതിനു പുറമേ ഒരോ കക്ഷിയില്‍നിന്നും ചെലവിനത്തില്‍ ഭീമമായ തുക വനം ഉദ്യോഗസ്ഥര്‍ വാങ്ങുന്നതായാണ് വിവരം.വനം ഉദ്യോഗസ്ഥര്‍ ആധാരങ്ങള്‍ തയാറാക്കുന്നതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും വിശദാന്വേഷണവും നടപടിയും ഉണ്ടാകുന്നില്ല.ആധാരം എഴുത്ത് മേഖലയില്‍ പല കാരണങ്ങളാല്‍ തൊഴില്‍ കുറഞ്ഞുവരികയാണ്. ഇതിനിടെയാണ് ഉദ്യോഗസ്ഥര്‍ അധികാരവും സംവിധാനങ്ങളും ഉപയോഗിച്ച് തൊഴില്‍ കവരുന്ന സാഹചര്യം.ഇതില്‍ തെറ്റും ക്രമക്കേടും അഴിമതിയുമുണ്ടെന്നും ഇതിനെതിരേ ശക്തമായി രംഗത്തുവരാനാണ് അസോസിയേഷന്‍ തീരുമാനമെന്നും ഭാരവാഹികള്‍ പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. തങ്കച്ചന്‍, ജില്ലാ പ്രസിഡന്റ് വി.കെ. സുരേഷ്, ട്രഷറര്‍ ആരിഫ് തണലോട്ട്, മറ്റു ഭാരവാഹികളായ കെ.വി. വേണുഗോപാല്‍, എന്‍. പരമേശ്വരന്‍, കെ.ആര്‍. രഞ്ജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.