ഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ഉത്തമ ഉദാഹരണമാണ് സിവില്‍ സര്‍വീസ് ജേതാവായ ഷെറിന്‍ ഷഹാനയെന്ന് കേരള നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. സിവില്‍ സര്‍വീസില്‍ വിജയം നേടിയ ഷെറിന്‍ ഷഹാനയ്ക്ക് കമ്പളക്കാട് പൗരാവലിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. നാടിന്റെ അഭിമാനമാണ് ഷെറിന്‍ ഷഹാന. അസാമാന്യ ക്ഷമയും ഇച്ഛാശക്തിയും ഉണ്ടെങ്കിലേ സിവില്‍ സര്‍വീസില്‍ വിജയം കൈവരിക്കാനാകു. പ്രതിസന്ധികളില്‍ പതറാതെ മനക്കരുത്ത് കൊണ്ട് അവയെ നേരിട്ട് വിജയം കൈവരിച്ച ഷെറിന്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാതൃകയാണെന്നും സ്പീക്കര്‍ പറഞ്ഞു. ചടങ്ങില്‍ ഷെറിന്‍ ഷഹാനയ്ക്കുള്ള പൗരസമിതിയുടെ ഉപഹാരം സ്പീക്കര്‍ കൈമാറി.
വീല്‍ചെയറിലിരുന്ന് അതിജീവന പോരാട്ടത്തിലൂടെ സിവില്‍ സര്‍വീസ് റാങ്ക് പട്ടികയില്‍ ഇടംപിടിച്ച വ്യക്തിയാണ് കമ്പളക്കാട് സ്വദേശിനി ഷെറിന്‍ ഷഹാന. കമ്പളക്കാട് തേനൂട്ടിക്കല്ലിങ്ങല്‍ പരേതനായ ഉസ്മാന്റെയും ആമിനയുടെും മകളാണ് ഷെറിന്‍ ഷഹാന. സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷയില്‍ 913-ാം റാങ്കാണ് ഷെറിന്‍ ഷഹാന നേടിയത്. ടെറസില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് നടക്കാന്‍ സാധിക്കാത്ത ഷെറിന്‍ വീല്‍ ചെയറിലിരുന്നാണ് സിവില്‍ സര്‍വീസ് പരിക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തിയത്.
ചടങ്ങില്‍ ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജേതാവിനെ പൊന്നാടയണിയിച്ചു. സഹകരണ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ബി നസീമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന്‍, വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, സ്ഥിരം സമിതി അധ്യക്ഷ പി.എന്‍ സുമ, മെമ്പര്‍മാരായ നൂരിഷ ചേനോത്ത്, സലിജ ഉണ്ണി, ലത്തീഫ് മേമാടാന്‍, സീനത്ത് തന്‍വീര്‍, മുട്ടില്‍ പഞ്ചായത്ത് മെമ്പര്‍ സി. അഷറഫ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ റൈഹാനത്ത് ബഷീര്‍, കൈരളി ടി.എം.ടി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പഹലിഷാ കള്ളിയത്ത്, പൗരസമിതി ചെയര്‍മാന്‍ സി. രവീന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ പി.സി. മജീദ്, ട്രഷറര്‍ വി.പി യുസഫ് തുടങ്ങിയവര്‍ സംസാരിച്ചു. രാഷ്ട്രീയ, സാംസ്‌ക്കാരിക പ്രമുഖര്‍, വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.