വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍, ഡി.ടി.പി.സി. ,ടൂറിസം വകുപ്പ് എന്നിവയുടെയും മഡ്ഡി ബൂട്ട്‌സ് വൊക്കേഷന്‍സ്, ജില്ലാ വടംവലി അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ നടത്തിയ വടം വലി മത്സരത്തില്‍ മൗണ്ട് സാനഡു അമ്പലവയലിന്റെ ബി ടീമിനെ പരാജയപ്പെടുത്തി ബത്തേരി സുല്‍ത്താന്‍ ബോയ്‌സ് ജേതാക്കളായി. കോഴിക്കോട്- മൈസൂര്‍ ദേശീയപാതക്കരികെ കാക്കവയലിലെ ചെളിനിറഞ്ഞ പാടത്ത് നടന്ന മഡ് വടം വലി കാണാന്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയത് ആയിരങ്ങള്‍.
സംസ്ഥാന തലത്തിലും ദേശീയ തലത്തിലും മികവ് തെളിയിച്ച ടീമുകളുള്‍പ്പടെ എട്ട് ടീമുകള്‍ പങ്കെടുത്ത വാശിയേറിയ വടംവലി മത്സരത്തില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ഭൂജല വകുപ്പ് മീനങ്ങാടി പങ്കെടുത്തു. അവാന വെള്ളച്ചിമൂല, ബത്തേരി സുല്‍ത്താന്‍ ബോയ്‌സ്, മൗണ്ട് സാനഡു അമ്പലവയല്‍, പടവീടന്‍ വരദൂര്‍, ടൗണ്‍ ടീം കാക്കവയല്‍, അപ്പനും മോനും ടീം മേപ്പാടി എന്നിങ്ങനെ എട്ട് സംഘങ്ങളാണ് മത്സരിച്ചത്.