700 വാഴകള്‍ നിലംപൊത്തി : കര്‍ഷകന്‍ ദുരിതത്തില്‍
കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പനമരം കരിമ്പുമ്മല്‍ പെട്രോള്‍ പമ്പിന് പിറകിലെ വയലില്‍ കൃഷിയിറക്കിയ മൂപ്പെത്താറായ 700 വാഴകള്‍ നിലംപൊത്തി. കമ്പളക്കാട് ചേനോത്ത് മൊയ്തുവിന്റെ വാഴകളാണ് ശക്തമായ കാറ്റിലും മഴയിലും നിലംപൊത്തിയത്.എരനെല്ലൂര്‍ ഇ.ഡി രാമകൃഷ്ണ ഗൗഡറുടെ മകളുടെ ആറ് ഏക്കര്‍ വയല്‍ പാട്ടത്തിനെടുത്താണ് മൊയ്തു ഇക്കുറി കൃഷിയിറക്കിയത്. രണ്ടരലക്ഷം രൂപയോളം നഷ്ടമുണ്ടായതായി മൊയ്തു പറഞ്ഞു.ബാങ്കില്‍ നിന്ന് വായ്പയെടുത്തും മറ്റുമായിരുന്നു കൃഷിയിറക്കിയത്.
സമീപത്തായി അഞ്ചും, രണ്ടുംമാസം പ്രായംചെന്ന വാഴകള്‍ നട്ടിട്ടുണ്ട്. ഇതില്‍ അഞ്ച്മാസം പ്രായമുള്ള 3500 ഓളം വാഴകള്‍ക്കും ഇലകരിയല്‍ രോഗം ബാധിച്ചിരിക്കുകയാണ്.20 വര്‍ഷമായി കൃഷിയെമാത്രം ആശ്രയിച്ചാണ് മൊയ്തു ഉപജീവനം കണ്ടെത്തുന്നത്. കര്‍ണാടക ഉന്‍സൂര്‍ ഗതികയില്‍ അഞ്ച് ഏക്കറില്‍ ഉണ്ടായിരുന്ന മൊയ്തുവിന്റെ ഇഞ്ചിക്കൃഷി കൊവിഡ് കാലത്ത് പാടെ നശിച്ച് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു. ഇതില്‍ നിന്നും കരകയറാനായി പനമരത്തിറക്കിയ വാഴക്കൃഷിയും നശിച്ചതോടെ ഉപജീവനം വഴിമുട്ടിയ അവസ്ഥയിലാണിപ്പോള്‍. 15 വര്‍ഷം മുമ്പും മൊയ്തുവിന് പ്രകൃതിക്ഷോഭത്തില്‍ കൃഷി നാശം ഉണ്ടായിരുന്നു. അന്ന് 1500 ഓളം വാഴകളാണ് നിലംപൊത്തിയത്.