‘വയനാടന്‍ തട്ട്’ മാനന്തവാടിയില്‍ തുടക്കമായി
മാനന്തവാടി: തട്ട്കട കച്ചവടക്കാരുടെ ഉപജീവനം മെച്ചപ്പെടുത്തുക, സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുക എന്നീ ലക്ഷ്യങ്ങളോടെ ഏകീകരിച്ച തട്ടുകളുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് ആദ്യമായി മാനന്തവാടിയില്‍ ആരംഭിച്ചു. കുടുംബശ്രീയുടെ കീഴില്‍ വയനാടന്‍ തട്ട് എന്ന പേരിലാണ് നഗരത്തിലെ 13 തട്ട് കടകള്‍ ഇനി പ്രവര്‍ത്തിക്കുക. ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയിലുള്‍പ്പെടുത്തി തെരുവ് കച്ചവടക്കാരുടെ ഉപജീവനം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
മാനന്തവാടി നഗരത്തില്‍ നടത്തിയ സര്‍വ്വേയില്‍ 222 തെരുവ് കച്ചവടക്കാരെയാണ് യോഗ്യരെന്ന് കണ്ടെത്തിയത്. ജിവനക്കാര്‍ക്ക് യൂണിഫോം, തട്ട് കടകള്‍ക്ക് ഒരേ നിറം, നഗരസഭയുടെ ഔദോഗിക നിറം, ഒരേ ഡിസൈന്‍ എന്നിവ നല്‍കുകയും തട്ട് കടകളില്‍ വില വിവര പട്ടിക പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വ്യക്തി ശുചിത്വം, മാലിന്യ സംസ്‌ക്കരണം, സുരക്ഷിതമായ ഭക്ഷണം, വെള്ളം എങ്ങനെയൊക്കെ ഉപയോഗിക്കണം എന്നീ കാര്യങ്ങളിലേല്ലാം തന്നെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയവര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കിയിട്ടുണ്ട്. പുര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടായിരിക്കും തട്ട് കടകളുടെ പ്രവര്‍ത്തനം. ഇതെല്ലാം പ്രത്യേക സമിതി കര്‍ശനമായി നിരീക്ഷിക്കും. സുരക്ഷിതമായ ഭക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ബ്രാന്‍ഡില്‍ ആരംഭിച്ച തട്ട്കടകളുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് തന്നെ ആദ്യമായി മാനന്തവാടി നഗരസഭയിലാണെന്നും കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപിക്കുമെന്നും കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി സാജിത പറഞ്ഞു. ഏകീകരിച്ച തട്ട്കടകളുടെ പ്രവര്‍ത്തന ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭാ രാജന്‍ അധ്യക്ഷത വഹിച്ചു. പി ടി ബിജു, റഷീദ് പടയന്‍, അബ്ദുള്‍ ആസിഫ്, ഷൈമോന്‍ എന്നിവര്‍ സംസാരിച്ചു.
