നെയ്ക്കുപ്പ ഏകെജിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കാട്ടാന തകര്‍ത്തു. നടവയല്‍ ടൗണിലെ ഓട്ടോ തൊഴിലാളിയായ കോഴിശ്ശേരില്‍ രാജേഷിന്റെ ഓട്ടോറിക്ഷയാണ് കാട്ടാന മറിച്ചിട്ട് നശിപ്പിച്ചത്. നിര്‍മാണം നടക്കുന്ന വീടിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഇന്നലെ പുലര്‍ച്ചെയാണ് പാതിരി സൗത്ത് സെക്ഷന്‍ വനത്തില്‍ നിന്നിറങ്ങിയ ഒറ്റയാന്‍ മറിച്ചിട്ടത്.
വീടിന്റെ നടയിലൂടെ നടന്ന് സമീപത്തെ പ്ലാവിന് ചുവട്ടിലേക്ക് പോയ ആന ഓട്ടോ തള്ളി മറിക്കുകയായിരുന്നു .മഴ മൂലം കാട്ടാനയെത്തിയത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. 2 ആഴ്ച മുന്‍പ് ഇദേഹത്തിന്റെ വീടിനോട് ചേര്‍ന്ന് സ്ഥാപിച്ച കോഴിക്കൂടിന്റെ മേല്‍ക്കുര തകര്‍ക്കുകയും കോഴിക്കൂട് അടിച്ചു തെറിപ്പിക്കുകയും വിറകുപുര നശിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് വീട്ടുകാര്‍ പുറത്തിറങ്ങി ബഹളം വച്ചതോടെയാണ് കാട്ടാന വീട്ടുമുറ്റത്തു നിന്ന് മാറാന്‍ കൂട്ടാക്കിയത്. കഴിഞ്ഞ ഒന്നര മാസമായി നെയ്ക്കുപ്പ മേഖലയില്‍ കാട്ടാനയുടെ വിളയാട്ടം അതിരൂക്ഷമായി തുടരുകയാണ്. വനത്തില്‍ നിന്നിറങ്ങുന്ന കാട്ടാനകള്‍ കൃഷികള്‍ വ്യാപകമായി നശിപ്പിക്കുന്നതിന് പുറമേയാണ് നടക്കുന്ന വഴിയില്‍ തടസ്സമായി നില്‍ക്കുന്നതെല്ലാം നശിപ്പിക്കുന്നത്. പ്രദേശത്തെ വീട്ടുമുറ്റങ്ങളിലൂടെ നടക്കുന്ന കാട്ടാന വീടിന് സമീപം വലിച്ചുകെട്ടുന്ന ഷീറ്റുകളും മറ്റും നശിപ്പിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകള്‍ ഇതിനോടകം ഒട്ടേറെ കര്‍ഷകരുടെ വാഴ, തെങ്ങ്, കമുക് അടക്കമുള്ള കൃഷികള്‍ തകര്‍ത്തു. കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനയെ പടക്കം പൊട്ടിച്ചും ബഹളം വച്ചും ഓടിക്കാന്‍ ശ്രമിച്ചാല്‍ ആന കര്‍ഷകരെ തിരിച്ച് ഓടിക്കുന്ന അവസ്ഥയാണുള്ളത്. വനംവകുപ്പ് വനാതിര്‍ത്തിയില്‍ സ്ഥാപിച്ച വൈദ്യുത വേലി തകര്‍ത്താണ് കാട്ടാനകള്‍ കൃഷിയിടത്തില്‍ എത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു .