ബഫര്‍ സോണ്‍ വിഷയത്തില്‍ കേരള സര്‍ക്കാര്‍ പുതിയ പ്രൊപ്പോസല്‍ നല്‍കിയിട്ടില്ലെന്ന് കിഫ. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് സംസ്ഥാനത്തിന്റെ അനാസ്ഥ വെളിപ്പെട്ടതെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബഫര്‍ സോണ്‍ വിഷയത്തില്‍ എല്ലാം ശരിയാക്കിയെന്ന് സംസ്ഥാനം അവകാശപ്പെടുമ്പോഴും 2022 ജൂണ്‍ 3ലെ ഇടക്കാല വിധിക്കും, 2023 ഏപ്രില്‍ 26 ലെ അന്തിമ വിധിക്കും ശേഷം കേരള സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുള്ള വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നതായി ഇവര്‍ പറഞ്ഞു.
സുപ്രീം കോടതിയും, കേന്ദ്ര സര്‍ക്കാരും ആണ് എല്ലാം തീരുമാനിക്കേണ്ടത് എന്ന പതിവ് പല്ലവി ആവര്‍ത്തിച്ചുകൊണ്ടിരുന്ന കേരള സര്‍ക്കാര്‍, വന്യജീവി സങ്കേതങ്ങളുടെയും, ദേശീയ ഉദ്യാനങ്ങളുടെയും ഇ.എസ്.ഇസഡ് പരിധിയില്‍ വരുന്ന നിര്‍മ്മിതിയുടെ കണക്കെടുക്കാന്‍ പലതവണ മാപ്പ് പ്രസിദ്ധീകരിക്കുകയും കവലകളില്‍ കുടില്‍കെട്ടിവരെ സാധാരണക്കാരില്‍ നിന്നും രേഖകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊക്കെ പരിഗണിച്ച് ബഫര്‍ സോണ്‍ പരിധിയില്‍ വരുന്ന ജനവാസമേഖലകള്‍ ഒഴിവാക്കുന്നതിനായുള്ള പുതിയ പ്രൊപ്പോസലുകള്‍ ഒന്നും ഇതുവരെയും കേന്ദ്രത്തിന് കൊടുത്തിട്ടില്ലന്നാണ് കിഫ കൊടുത്ത വിവരാവകാശ അപേക്ഷക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്കിയ മറുപടിയെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ആയതുകൊണ്ട് ഈ വിഷയത്തില്‍ താഴെ പറയുന്ന അടിയന്തിര നടപടികള്‍ കേരള സര്‍ക്കാര്‍ ചെയ്യണമെന്ന് കിഫ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
. 2022 ജൂണ്‍ 3 നു ശേഷം ബഫര്‍ സോണ്‍ അതിര്‍ത്തിയുമായി ബന്ധപ്പെട്ടു കേരള സര്‍ക്കാര്‍ പുതുക്കിയ പ്രൊപോസലുകള് കേന്ദ്രത്തിലേക്കു അയച്ചിട്ടുണ്ടെങ്കില്‍ ആയതു പ്രസിദ്ധപ്പെടുത്തുകയും അവയുടെ കെ.എം.എല്‍. ഫയലുകള്‍ ജനത്തിന് ലഭ്യമാക്കുകയും ചെയ്യുക ,
. 2022 ജൂണ്‍ 3 നു ശേഷം പുതിയ പ്രോപ്പസലുകള്‍ കേന്ദ്രത്തിലേക്കു അയച്ചിട്ടില്ലെങ്കില്‍ നിലവില്‍ ഓരോ സങ്കേതത്തിനും അയച്ചിരിക്കുന്ന മാപ്പുകളും അതിര്‍ത്തി രേഖകളും പുറത്തു വിടുകയും ആയവയുടെ കെ.എം.എല്‍. ഫയല്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയും പ്രസ്തുത മാപ്പുകള്‍ പ്രകാരം ബഫര്‍ സോണ്‍ അതിര്‍ത്തികള്‍ ഗ്രൗണ്ടില്‍ മാര്‍ക്ക് ചെയ്ത് ജനങ്ങളെ ബോധിപ്പിക്കുകയും ചെയ്യുക,
ബഫര്‍ സോണ്‍ അതിര്‍ത്തികള്‍ ഗ്രൗണ്ടില്‍ മാര്‍ക്ക് ചെയ്തു ജനങ്ങള്‍ക്ക് അത് പരിശോധിക്കുവാന്‍ അവസരം നല്കി, ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉള്‍പെടുത്തിയിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയതിനു ശേഷം മാത്രം ബഫര്‍ സോണുകളുടെ അന്തിമ വിഞാപനം ഇറക്കാന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഇവര്‍ ഉന്നയിച്ചു.
കിഫ പി. ആര്. ഒ . പോള്‍ മാത്യു, കിഫ വയനാട് പ്രസിഡന്റ് എം. കെ കരുണാകരന്, ബത്തേരി എ .എല്‍. സി. പ്രസിഡന്റ് ഷിജു മത്തായി, കല്‍പ്പറ്റ എ എല്‍ സി പ്രസിഡന്റ് സണ്ണി കടവന്‍ , മാനന്തവാടി എല്‍ സി പ്രസിഡണ്ട് മനു ജോര്‍ജ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.