ബഷീറിന്റെ റേഡിയോയില്‍ സ്നേഹത്തിന്റെ ഈണം

0

കാരക്കുനി കണ്ണമ്പള്ളി നസീര്‍ നാട്ടുകാര്‍ സ്നേഹത്തോടെ ബഷീര്‍ കണ്ണമ്പള്ളി എന്നു വിളിക്കുന്ന ഈ 44 കാരന്‍ ജീവകാരുണ്യ മേഖലയില്‍ വ്യത്യസ്തനാകുകയാണ്.ബഷീര്‍ കണ്ണമ്പള്ളി എന്നതിനെക്കാള്‍ റേഡിയോ ബഷീര്‍ എന്നു പറഞ്ഞാലാകും കൂടുതല്‍ പേര്‍ അറിയുക.കിടപ്പിലായ രോഗികള്‍ക്ക് റേഡിയോ എത്തിച്ച് നല്‍കിയാണ് ബഷീര്‍ കണ്ണമ്പള്ളി റേഡിയോ ബഷീറായത്.242 കിടപ്പിലായ രോഗികള്‍ക്കാണ് ഇതുവരെ റേഡിയോ നല്‍കിയത്.കാരക്കുനിയിലെ തന്റെ കടയിലെത്തുമ്പോള്‍ ചിരിച്ച മുഖത്തോടെ അദ്ദേഹം ആ നൊമ്പരപ്പെടുത്തുന്ന കഥ പറഞ്ഞു തുടങ്ങി.മാരകമായ രോഗങ്ങള്‍ക്കൊണ്ട് അഞ്ച് വര്‍ഷം മുന്നേ ബഷീര്‍ തളര്‍ന്നു.തലച്ചോറില്‍ ഞരമ്പ് ബ്ലോക്കായി,മുഖം കോടി പിന്നീട് തുടയെല്ലില്‍ മുഴവന്ന് ശസ്ത്രക്രിയ, അതു കഴിഞ്ഞപ്പോള്‍ തൊണ്ടയില്‍ പഴുപ്പ് കൂടി ക്രമേണെ സംസാര ശേഷി നഷ്ടപ്പെട്ടു,പിന്നീട് ചികിത്സാര്‍ത്ഥം തന്റെ രണ്ട് താടിയെല്ലുകള്‍ മുറിക്കേണ്ടി വന്നു.തുടര്‍ന്ന് പൂര്‍ണമായും കിടപ്പിലായി.വേദനയുടെയും, മാനസീക പിരിമുറുക്കത്തിന്റേയും കാലം,ഉറക്കമില്ലായ്മയും,ഭക്ഷണം ട്യൂബ് വഴി കഴിക്കുന്നത് മൂലവും ജീവിതം തകര്‍ന്നെന്ന് തോന്നിയ നിമിഷങ്ങള്‍.ജീവിത പ്രതിസന്ധികളില്‍ നിന്നും കരകേറാന്‍ സിപിഐ(എം) കാരക്കുനി ബ്രാഞ്ച് അംഗം കൂടിയായ സുഹറ തൊഴിലുറപ്പ് ജോലിക്ക് പോവാന്‍ തുടങ്ങി.ക്രമേണെ വീട്ടിലെ ഏകാന്തതക്ക് ഉത്തരമായി എഫ് എം റേഡിയോ കേള്‍ക്കാന്‍ ആരംഭിച്ചു.മണിക്കൂറുകളോളം റേഡിയോ കേള്‍ക്കല്‍ ദിനചര്യയായി.തന്റെ വിഷമങ്ങളും യാതനകളും റേഡിയോയിലെ വിവിധ പരിപാടികളില്‍ അലിഞ്ഞു പോകുന്നതായി ബഷീറിന് തോന്നി.ബന്ധുക്കാരുടെയും നാട്ടുകാരുടേയും സഹായത്തോടെ ചികിത്സയും കൃത്യമായി നടന്നു.തുടര്‍ന്ന്ഫിനിക്സ് പക്ഷിയെ പോല അദ്ദേഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പായിരുന്നു.പതിയെ പതിയെ സംസാരശേഷി തിരച്ചു കിട്ടി. അസുഖത്തെ തോല്‍പ്പിച്ച് ജീവിതം തിരികെ പിടിച്ചു.ബന്ധുക്കളുടേയും,നാട്ടുകാരുടേയും സഹായത്തോടെ വീടിനോട് ചേര്‍ന്ന് ചെറിയ ഒരു കട തുടങ്ങി.കിടപ്പിലായ രോഗികള്‍ക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന തോന്നലിന് പകരമെത്തിയ ഉത്തരം റേഡിയോ ആയിരുന്നു.തന്റെ ഏകാന്തമായ നിമിഷങ്ങള്‍ക്ക് കൂട്ടു നിന്ന റേഡിയോ മറ്റ് കിടപ്പിലായ രോഗികള്‍ക്ക് തെല്ലൊരു ആശ്വാസമാകുമെന്ന തിരിച്ചറിവില്‍ നിന്നാണ് താന്‍ നട്ടുപരിപാലിച്ച പച്ചക്കറികള്‍ വിറ്റ് മൂന്ന് റേഡിയോ വാങ്ങിയത്. ആദ്യറേഡിയൊ നട്ടൊല്ലുപൊട്ടി 16 വര്‍ഷത്തോളം കിടപ്പിലായ അയല്‍വാസിയായ രോഗിക്ക് നല്‍കി.തുടര്‍ന്ന് ബഷീറിന്റെ ഉദ്യമം തിരിച്ചറിഞ്ഞ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി,ജില്ലാ പഞ്ചായത്തംഗം കെ വിജയന്‍,വാര്‍ഡ് മെമ്പറായ കെ ഷറഫുന്നിസ എന്നിവര്‍ ഓരോ റേഡിയോകള്‍ കൂടി വാങ്ങി നല്‍കി.കേട്ടറിഞ്ഞ,കണ്ടറിഞ്ഞ പലരും ഇയാളെ റേഡിയോ വാങ്ങാന്‍ സഹായിച്ചു.റേഡിയോ ശ്രോതാക്കളുടെ വാട്ട്സപ്പ് ഗ്രൂപ്പ് വഴി വീണ്ടും റേഡിയോകളെത്തി.അങ്ങനെ രണ്ടര വര്‍ഷം കൊണ്ട് വിവിധയിടങ്ങളിലെ 242 ഓളം കിടപ്പു രോഗികളുടെ വീട്ടില്‍ റേഡിയോയുടെ മധുരസംഗീതമെത്തി. അടുത്ത രോഗിക്ക് ഒരു റേഡിയോ നല്‍കാന്‍ ഇന്നും തന്റെ കടയിലെ ചെറിയ വരുമാനത്തില്‍ നിന്നും ഒരു ചെറിയ തുക അദ്ദേഹം മാറ്റിവെക്കും.കടുത്ത ഇസ്ലാം മത വിശ്വാസിയ ബഷീര്‍ ഉംറ നിര്‍വഹിക്കാന്‍ മാറ്റി വെച്ച തുക കിഡ്നി രോഗികളുടെ ഡയാലിസിന് നല്‍കി ജാതി മത ചിന്തകള്‍ക്കപ്പുറത്ത് പരസ്പര സഹായമാണ് മനുഷത്വമെന്ന് നമ്മെ ഓര്‍മ്മിപ്പിച്ചു.ഭാര്യ സുഹറയും മക്കളായ ഷുഹൈബും ആഷികും ബഷീറിനൊപ്പമുണ്ട്.ബഷീറും കുടുംബവും ജീവകാരുണ്യത്തിന്റെ വേറിട്ട ഉദാത്ത മാതൃക തീര്‍ക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!