കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ ക്ലാസ് തുടങ്ങി.മുണ്ടേരി പോലീസ് ഹൗസിങ് കോളനിയില്‍ പൗളി ജോസഫിന്റെ വീട്ടുമുറ്റത്ത് നടന്ന പരിപാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശിവരാമന്‍ അധ്യക്ഷനായിരുന്നു.സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ നടപ്പിലാക്കുന്നതാണ് ഇ – മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി.
കൈറ്റിന്റെ നേതൃത്വത്തില്‍ സര്‍വ്വേ പരിശീലനവും, ക്ലാസ് പരിശീലനവും നല്‍കിയിരുന്നു. കൈറ്റിന്റെ നേതൃത്വത്തിലാണ് വാര്‍ഡ് തോറും 20 പേര് അടങ്ങുന്ന ക്ലാസിന്റെ ഹാജര്‍ സോഫ്റ്റ്വെയറില്‍ അപ്ലോഡ് ചെയ്യുന്നത്. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും കൈറ്റും ചേര്‍ന്ന് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡിജിറ്റല്‍ നിരക്ഷരരായ പഠിതാക്കളെ കണ്ടെത്താന്‍ ഡിജിറ്റല്‍ സര്‍വേ നടത്തിയിരുന്നു. സാധാരണ ജനങ്ങളെ ഡിജിറ്റല്‍ മേഖലയില്‍ പ്രാഥമിക അവബോധമുള്ളവരാക്കി മാറ്റുക, കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണ്‍, മറ്റു സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. പഠിതാക്കള്‍ക്ക് കുറഞ്ഞത് 12 മണിക്കൂര്‍ ക്ലാസുകള്‍ നല്‍കും. കൈറ്റ് തയ്യാറാക്കിയ പാഠപുസ്തകം ഉപയോഗിച്ചാണ് ക്ലാസ് നടത്തുന്നത്. സാധാരണക്കാര്‍ക്ക് നിത്യജീവിതത്തില്‍ ഇന്റര്‍നെറ്റ് സാധ്യതകള്‍ മനസ്സിലാക്കാനും ഡിജിറ്റല്‍ സംവിധാനങ്ങളുടെ പ്രയോജനം, ദുരുപയോഗം എന്നിവ തിരിച്ചറിയാനും ക്ലാസ്സുകള്‍ ഉപകരിക്കും.ഇ – മെയില്‍ ഐഡി ക്രിയേറ്റ് ചെയ്യല്‍, ഇന്റര്‍നെറ്റ്, ചാറ്റിങ് എന്നിവയെക്കുറിച്ചായിരുന്നു ആദ്യത്തെ ക്ലാസ്. കെ.വി വൈഷ്ണവ്, കെ. മുഹമ്മദ്, കെ. സവിത എന്നീ വളണ്ടിയര്‍ ടീച്ചര്‍മാരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്. എല്ലാ വാര്‍ഡുകളിലും തിങ്കളാഴ്ച മുതല്‍ വൈകുന്നേരങ്ങളില്‍ സര്‍വ്വേയില്‍ കണ്ടെത്തിയ ഡിജിറ്റല്‍ സാക്ഷരത പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്കും, പുതുതായി താത്പര്യപ്പെട്ടു വരുന്നവര്‍ക്കും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ 20 പേരെവീതം സംഘടിപ്പിച്ച് ക്ലാസ് ആരംഭിക്കുമെന്ന് ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ പറഞ്ഞു. കൗണ്‍സിലര്‍ ഷിബു, അംജദ് ബിന്‍ അലി, ചന്ദ്രന്‍ കിനാത്തി, പി.വി ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലര്‍മാര്‍, എ.ഡി.എസ്, സന്നദ്ധ പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ ക്ലാസില്‍ പങ്കെടുത്തു.