പ്രളയത്തില്‍ തകര്‍ന്ന പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ നടപടിയില്ല

0

കോളേരി ഇരുളം റൂട്ടില്‍ നരസിപുഴക്ക് കുറുകെയുള്ള പാലവും , കോളേരി വെള്ളിമല റൂട്ടിലെ കുണ്ടിച്ചിറ പാലവുമാണ് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ളത്. 2018ലെ ആദ്യ പ്രളയത്തില്‍ തകര്‍ന്ന പാലമാണ് കുണ്ടിച്ചിറ പാലം.1978ല്‍ നരസി പുഴക്ക് കുറുകെ നിര്‍മ്മിച്ച പാലത്തിന്റെ അരിക് ഭിത്തിയും കൈ വരികളും തകര്‍ന്നിരിക്കുകയാണ് .ഇതിനൊപ്പം തകര്‍ന്ന പഞ്ചായത്തിലെ മറ്റ് 3 പാലങ്ങള്‍ പുനര്‍ നിര്‍മിച്ചെങ്കിലും ഈ പാലത്തെ അധികൃതര്‍ അവഗണിക്കുകയായിരുന്നവെന്നാണ് നാട്ടുകാരുടെ പരാതി.

പാപ്ലശ്ശേരി, വെള്ളിമല റോഡില്‍ നരസി പുഴയുടെ കൈ വഴിയായ കുണ്ടിച്ചിറ പുഴയ്ക്ക് കുറുകെയാണ് കെട്ടുകളും തുണുകളും തകര്‍ന്ന് ഏതു സമയവും നിലംപൊത്താവുന്ന സ്ഥിതിയിലുള്ള പാലമുള്ളത്. 3 വര്‍ഷം മുമ്പുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും പൂതാടി പഞ്ചായത്തിലെ നാലുപാലങ്ങള്‍ തകര്‍ന്നിരുന്നു. എന്നാല്‍ അവയില്‍ മൂന്നുപാലങ്ങളും പുനര്‍നിര്‍മിച്ചുവെങ്കിലും അപകടസ്ഥിതിയിലായ കുണ്ടിച്ചിറ പാലത്തിന്റെ കാര്യത്തില്‍ നടപടിയുണ്ടായില്ല. പാലം പൂര്‍ണമായും ഇടിഞ്ഞുതാഴ്ന്ന് പ്രദേശം ഒറ്റപ്പെട്ടതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം നിലച്ചിരുന്നു. പുറം ലോകത്തേക്ക് എത്തിചേരാന്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയായതോടെ നാട്ടുകാര്‍ ഇടിഞ്ഞ ഭാഗത്ത് മണ്ണിട്ട് നികത്തിയിരുന്നു. പാലം തകര്‍ന്നപ്പോള്‍ സ്ഥലത്തെത്തിയ അധികൃതര്‍ ഉടന്‍ നടപടി ഉണ്ടാക്കുമെന്ന് പറഞ്ഞ് പോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ പാലമായില്ലെന്ന് മാത്രം. അടുത്ത മഴക്ക് മുന്‍പെങ്കിലും തകര്‍ന്ന പാലം പൊളിച്ചുപണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Leave A Reply

Your email address will not be published.

error: Content is protected !!