പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും ബാങ്ക് മുന്‍ പ്രസിഡന്റുമായ കെ.കെ അബ്രഹാമിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബത്തേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വഞ്ചനാ കുറ്റം,ആത്മഹത്യാ പ്രേരണ കുറ്റങ്ങള്‍ ചുമത്തി ഇന്നലെയാണ് കെ കെ അബ്രഹാമിനെ പോലീസ് അറസ്റ്റുചെയ്തത്.
ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് പുല്‍പള്ളിയിലെ വീട്ടില്‍ നിന്നും കെ.കെ അബ്രഹാമിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലിലേക്ക് പിന്നീട് മാറ്റി.ഇന്നലെ രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി.വഞ്ചന,ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് എബ്രഹാമിനെതിരെ ചുമത്തിയത്.ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ കെ കെ എബ്രഹാമിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.ഇദ്ദേഹത്തെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി.
വായ്പാ തട്ടിപ്പിന്റെ ഇരയായ ഡാനിയല്‍ -സാറാക്കുട്ടി ദമ്പതികള്‍ നല്‍കിയ പരാതിയിലായിരുന്നു അബ്രഹാമിന്റെ അറസ്റ്റ്.ഇതേ കേസില്‍ തട്ടിപ്പ് നടന്ന കാലയളവില്‍ സെക്രട്ടറിയായിരുന്ന രമാദേവിയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇവരെ ഇന്നലെ റിമാന്‍ഡ് ചെയ്തു.ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി തള്ളി.തട്ടിപ്പില്‍ മറ്റൊരു പരാതിക്കാരനായ കര്‍ഷകന്‍ രാജേന്ദ്രന്‍ നായരുടെ ആത്മഹത്യയ്ക്ക് പിന്നാലെയായിരുന്നു പൊലീസ് നടപടി. രാജേന്ദ്രന്റെ ആത്മഹത്യയെ തുടര്‍ന്ന് ജില്ലയിലുണ്ടായ പ്രതിഷേധങ്ങള്‍ തുടരുകയാണ്.