യുവതിയുടെ അശ്ലീല ചിത്രങ്ങള്‍  സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

0

യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ മോര്‍ഫുചെയ്ത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ചുളളിയോട് പുതുച്ചാംകുന്നത്ത് അജിന്‍ പീറ്ററാണ് അമ്പവലയല്‍ പോലീസിന്റെ പിടിയിലായത്. മറ്റൊരാളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വാട്സാപ് അക്കൗണ്ടുണ്ടാക്കി വീഡിയോ പ്രചരിപ്പിച്ച പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്.

എം.ബി.എ. ബിരുദധാരിയായ അജിന്‍ പീറ്റര്‍ പരാതിക്കാരിയായ സ്ത്രീയുമായി മുന്‍പരിചയമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ പിണങ്ങിയശേഷമാണ് പരാതിക്കാരിയായ യുവതിയുടെ മോര്‍ഫുചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. അമ്പലവയല്‍ ബീവറേജസ് ഔട്ലറ്റിന് സമീപത്തെ ഇറച്ചിക്കടയിലെ കര്‍ണാടക സ്വദേശിയായ ജീവനക്കാരന്റെ നമ്പറുപയോഗിച്ചാണ് ഇയാള്‍ വാട്സാപ് അക്കൗണ്ടുണ്ടാക്കിയത്. ഇയാളുമായി സൗഹൃദമുണ്ടാക്കിയ ശേഷം പ്രതി ഇയാളറിയാതെ നമ്പര്‍ ഉപയോഗിക്കുകയായിരുന്നു. പിന്നീട്, അശ്ലീല വീഡിയോകളില്‍ പരാതിക്കാരിയുടെ തല മോര്‍ഫുചെയ്ത് ചേര്‍ക്കുകയായിരുന്നു. കോളേജ് വിദ്യാര്‍ഥികളുടെ അശ്ലീല വീഡിയോ എന്ന തലക്കെട്ടോടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പരാതിക്കാരിയുടെ അയല്‍വാസികളുടെ വാട്സാപ് നമ്പറിലേക്ക് ഈ വീഡിയോ അയച്ചുകൊടുക്കുകയും ചെയ്തു. തമിഴ്നാട് പന്തല്ലൂര്‍ സ്വദേശിയായ മറ്റൊരാളുടെ ഫോണ്‍ നമ്പറും ഇതേരീതിയില്‍ ഇയാള്‍ ദുരുപയോഗം ചെയ്തതായി പോലീസ് കണ്ടെത്തി. പോലീസ് അമ്പലവയലിലെ ഇറച്ചിക്കടയിലെ ജീവനക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് യഥാര്‍ത്ഥ പ്രതിയിലേക്കുളള സൂചനകള്‍ ലഭിച്ചത്. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

അമ്പലവയല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.വി. പളനി, സബ് ഇന്‍സ്പെക്ടര്‍ ഷാജഹാന്‍, സൈബര്‍ സെല്‍ സി.പി.ഒ. മാരായ മുഹമ്മദ് സക്കറിയ, വിജിത്ത്, അമ്പലവയല്‍ സ്റ്റേഷന്‍ സി.പി.ഒ. മാരായ രവി, ബിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!