ഇനിയില്ല പുകയില ; സംസ്ഥാനത്തെ ആദ്യ പുകയിലരഹിത ഗ്രാമം കാപ്പിക്കുന്ന് കോളനി

0

ഈ മാസം 31ന് അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനത്തില്‍ പുകയിലരഹിത ഗ്രാമമായി കോളനിയെ ജില്ലാ കലക്ടര്‍ ഡോക്ടര്‍ രേണുരാജ് പ്രഖ്യാപിക്കും.ആദ്യമായാണ് സംസ്ഥാനത്ത് ഒരു കോളനി പൂര്‍ണ്ണമായും പുകയിലരഹിതമാക്കുന്നതിനുള്ള ദൗത്യം പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഇന്ത്യയില്‍ ആദ്യത്തെ കോളനിയാവാം പുകയിലരഹിതമാകുന്നതെന്ന പ്രത്യേകതയും കാപ്പിക്കുന്ന് കോളനിക്കുണ്ടെന്നാണ് മേഖലയുമായി ബന്ധപ്പെട്ടവര്‍ അഭിപ്രായപ്പെടുന്നത്.

സംസ്ഥാനത്ത് തന്നെ ആദ്യ ആരോഗ്യ ഗ്രാമമായി പ്രഖ്യാപിച്ചതും കാപ്പിക്കുന്ന് കോളനിയെ ആണെന്നതും പഞ്ചായത്തിന് ഏറെ അഭിമാനകരമാണ് .
കോളനിയിലെ ഊരുമൂപ്പന്‍ കുഞ്ഞിരാമനില്‍ തുടങ്ങി പിഞ്ചു കുട്ടികളുള്‍പ്പെടെ ആത്മാര്‍ത്ഥമായി പുകയില മുക്ത കാമ്പയിനിന്റെ ഭാഗമായി എന്നതും കോളനിക്കാരുടെ അസാമാന്യ മനക്കരുത്തുമാണ് കോളനിയെ പുകയിലരഹിതമാക്കാന്‍ സഹായിച്ചത്. ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്തെന്ന നിലയില്‍ ദേശീയ തലത്തില്‍ മാതൃകയായ പഞ്ചായത്തിന് കാപ്പിക്കുന്ന് കോളനി പുകയിലരഹിതമാകുന്നതോടെ ദേശീയ തലത്തില്‍ വീണ്ടും ശ്രദ്ധേയമായ ഇടം ലഭിക്കുമെന്നതില്‍ തര്‍ക്കമില്ല. കാപ്പിക്കുന്നു കോളനിയോടൊപ്പം പഞ്ചായത്തിലെ മുഴുവന്‍ കോളനികളെയും പുകയിലരഹിതമാക്കി പുകയില രഹിത പഞ്ചായത്താക്കി മാറ്റുന്നതിനുള്ള തീവ്ര പ്രയത്‌നത്തിലാണ്
പിന്നണി പ്രവര്‍ത്തകര്‍.

ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലാണ് പുകയില രഹിത ഗ്രാമമെന്ന ആശയം അവതരിപ്പിച്ചത്. ഇംപ്ലിമെന്റിംഗ് അതോറിറ്റിയായ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ കുഞ്ഞിക്കണ്ണന്റെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗീതയുടെയും നേതൃത്വത്തിലുള്ള സംഘവും വാര്‍ഡ് മെമ്പര്‍ ലൗസന്‍ തുടങ്ങിയവരുടെയെല്ലാം പരിശ്രമവുമാണ് പുകയിലരഹിത ഗ്രാമം പൂര്‍ത്തിയാവുന്നതില്‍ നിര്‍ണ്ണായകമായത്. 3 മാസങ്ങള്‍ക്കുള്ളില്‍ കോളനിയില്‍ മദ്യാസക്തിയുള്ളവര്‍ കുറവാണെന്നിരിക്കെ പൂര്‍ണ്ണമായും കോളനിയെ ലഹരി മുക്തമാക്കുകയാണ് അധികൃതരുടെ അടുത്ത ലക്ഷ്യം. ഇതിന് മുന്നോടിയായി 31 ന് അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനത്തില്‍ പുകയിലരഹിത ഗ്രാമമായി കോളനിയെ ജില്ലാ കലക്ടര്‍ ഡോക്ടര്‍ രേണുരാജ് പ്രഖ്യാപിക്കുന്ന ചടങ്ങ് വിപുലമായി ആഘോഷിക്കാനാണ് ബന്ധപ്പെട്ടവരുടെ തീരുമാനം

Leave A Reply

Your email address will not be published.

error: Content is protected !!