നടനവിസ്മയത്തിന് 63ാം പിറന്നാള്‍

0

വൈവിധ്യപൂര്‍ണമായ കഥാപാത്രങ്ങളെ ഇത്രമേല്‍ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിച്ച മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന് ഇന്ന് 63 -ാം പിറന്നാള്‍. പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി അദ്ദേഹത്തിന്റെ സിനിമാ ജീവിതം മുന്നോട്ട് പോകുകയാണ്. അഭിനയ സമവാക്യങ്ങള്‍ തോറ്റുപോകുന്ന അനായാസ അഭിനയം, ശരീരപേശികളാല്‍ പോലും വെള്ളിത്തിരയില്‍ മായാജാലം തീര്‍ത്ത നടനമാന്ത്രികന്‍, അതെ അഭ്രപാളിയില്‍ ആടിത്തീര്‍ത്ത വേഷങ്ങളിലൊക്കെയും മോഹന്‍ലാലിന്റേതായ എന്തോ ഒന്നുണ്ട്. അത് തന്നെയാണ് മോഹന്‍ലാല്‍ പകരക്കാരനില്ലാത്ത അവതാരമാകുന്നതതിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാകാന്‍ മലയാളികളുടെ ലാലേട്ടന് സാധിച്ചു.കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു. 1978 സെപ്റ്റംബര്‍ മൂന്നിന് ‘തിരനോട്ടം’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. എന്നാല്‍ ഈ സിനിമ പുറത്തിറങ്ങിയില്ല. ശേഷം ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെ സ്‌ക്രീനില്‍ എത്തി. മോഹന്‍ലാലിന്റെ വില്ലന്‍ റോള്‍ ആരാധകരുടെ മനം കവര്‍ന്നു. വില്ലനായും സഹനടനായും തിളങ്ങിയതിനു ശേഷമാണ് മോഹന്‍ലാല്‍ നായകനായി എത്തുന്നത്. നാല് പതിറ്റാണ്ടോളം നീണ്ടു നില്‍ക്കുന്ന അഭിനയ ജീവിതത്തില്‍ മലയാളികള്‍ക്ക് ഓര്‍ത്തുവെക്കാന്‍ നിരവധി കഥാപാത്രങ്ങളെയാണ് താരം സമ്മാനിച്ചത്. സേതുവായും,ബാലകൃഷ്ണനായും അപ്പുവായും ബാലചന്ദ്രന്‍ നായരായും വേണുഗോപാലായും ദാസനായും ജയകൃഷ്ണനായും പവിത്രനായും വിഷ്ണുവായും ദേവനാരായണനായും സിഐഡി രാംദാസായും സേതുമാധവനായും മംഗലശേരി നീലകണ്ഠനായും മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭ അഭ്രപാളികളില്‍ വേഷപ്പകര്‍ച്ച കൊണ്ട് നിറഞ്ഞാടി. ഭ്രാന്തമായ അഭിനയം, മനോഹരമായ പുഞ്ചിരി, മീശപിരിച്ച ഗൗരവമുള്ള, മുണ്ടുമടക്കിക്കുത്തിയ വില്ലന്‍, കണ്ണുകളില്‍ പ്രേമവും ചുണ്ടുകളില്‍ കള്ളച്ചിരിയുമൊളിപ്പിച്ച കാമുകന്‍,സ്ഫടികത്തിലെ റെയ്ബാന്‍ഗ്ലാസിട്ട ആടുതോമയും,ഉസ്താതിലെ ചേട്ടനായും അങ്ങനെ അങ്ങനെ എത്ര എത്ര കഥാപാത്രങ്ങള്‍….സിനിമാ ലോകത്തേക്ക് പിച്ചവച്ചുനടന്ന മനുഷ്യന്‍ മലയാള സിനിമയില്‍ തന്റേതായ ലോകം തീര്‍ത്തു.പ്രിയപ്പെട്ട മോഹന്‍ലാലിന് നമ്മുടെ ലാലേട്ടന്..ഒരായിരം പിറന്നാള്‍ ആശംസകള്‍….

 

Leave A Reply

Your email address will not be published.

error: Content is protected !!