ഗോത്ര ജനതയുടെ മനസ്സറിഞ്ഞ് കളക്ടര്‍

0

*പുല്‍പ്പള്ളിയിലെ 4 കോളനികള്‍ സന്ദര്‍ശിച്ചു.

ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പുല്‍പ്പള്ളിയിലെയും ചേകാടിയിലെയും വിവിധ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചു. കരിമം പണിയ കോളനി, കണ്ടാമല കുറുമ കോളനി, ചേകാടി താഴശ്ശേരി അടിയ കോളനി, ചന്ദ്രോത്ത് കാട്ടുനായ്ക്ക കോളനി എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. പുല്‍പ്പള്ളി ടൗണിന് അടുത്തുള്ള കരിമം പണിയ കോളനിയിലാണ് കളക്ടര്‍ ആദ്യം എത്തിയത്. 37 കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് കോളനിയിലുള്ളവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ ലഭ്യതയെക്കുറിച്ച് കളക്ടര്‍ ചോദിച്ചറിഞ്ഞു. കോളനിയിലുള്ളവരുടെ വിദ്യാഭ്യാസപരമായും ആരോഗ്യപരമായുമുള്ള സ്ഥിതിഗതികള്‍ കളക്ടര്‍ വിലയിരുത്തി.
തുടര്‍ന്ന് 48 കുറുമ കുടുംബങ്ങള്‍ താമസിക്കുന്ന കണ്ടാമല കുറുമ കോളനി കളക്ടര്‍ സന്ദര്‍ശിച്ചു. കോളനിയിലുള്ള വരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് കളക്ടര്‍ മടങ്ങിയത്. ചേകാടിയിലെ 73 അടിയ കുടുംബങ്ങള്‍ താമസിക്കുന്ന താഴശ്ശേരി കോളനി, 23 കാട്ടുനായ്ക്ക കുടുംബങ്ങള്‍ താമസിക്കുന്ന ചന്ദ്രോത്ത് കാട്ടുനായ്ക്ക കോളനി എന്നിവിടങ്ങളിലും കളക്ടര്‍ സന്ദര്‍ശനം നടത്തി.
സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ്, ഡി.പി.എം ഡോ. സമീഹ സൈതലവി, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ ജി. പ്രമോദ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.ജെ ഷീജ, വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ സൂപ്രണ്ട് സി.എസ്. പ്രഭാകരന്‍ തുടങ്ങിയവരും കളക്ടറോടൊപ്പമുണ്ടായിരുന്നു.

*കളക്ടറുടെ മനസ്സില്‍ ഇടം നേടി കറുത്ത*

പുല്‍പ്പള്ളിയിലെ കരിമം പണിയ കോളനി സന്ദര്‍ശിക്കാനെത്തിയ ജില്ലാ കളക്ടര്‍ ഡോ. രേണുരാജിനെ കോളനിയിലേക്ക് സ്വീകരിച്ചത് കോളനിയിലെ കറുത്തയാണ്. പാരമ്പര്യ വേഷധാരിയായ കറുത്തയുടെ അടുത്ത് പോയി കുശലന്വേഷണങ്ങള്‍ നടത്താനും കളക്ടര്‍ സമയം കണ്ടെത്തി. ചെവിയില്‍ ധരിച്ച പരമ്പരാഗതമായ ആഭരണങ്ങളെക്കുറിച്ചും കളക്ടര്‍ ചോദിച്ചറിഞ്ഞു. ചെറ്റപ്പാലത്താണ് കറുത്തയുടെ വീട്. കരിമം കോളനിയിലെ കുടുംബ വീട്ടില്‍ വന്നതാണ് കറുത്ത. തന്റെ കമ്മലിന്റെ ഭംഗി പരിശോധിച്ച കളക്ടറുടെ കാതിലെ കമ്മലിന്റെ ഭംഗി ആസ്വദിക്കാനും കറുത്ത മറന്നില്ല. കോളനിക്കാര്‍ നല്‍കിയ ഹൃദ്യമായ വരവേല്‍പ്പ് ഏറ്റുവാങ്ങി കളക്ടര്‍ മടങ്ങുമ്പോള്‍ ചെറുപുഞ്ചിരിയോടെയാണ് കറുത്തയും കളക്ടറെ യാത്രയാക്കിയത്. കോളനിയിലെ മറ്റു വീടുകള്‍ സന്ദര്‍ശിച്ച കളക്ടര്‍ കോളനിവാസികളുടെ ക്ഷേമവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കോളനിയിലെ പ്ലസ് ടു പഠനം കഴിഞ്ഞ് തുടര്‍വിദ്യാഭാസത്തിന് അവസരം ലഭിക്കാതെ പോയ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ കളക്ടര്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോളനിയിലുള്ളവരുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങളെക്കുറിച്ചും കോളനിയിലെ കുടിവെള്ള ലഭ്യതയെക്കുറിച്ചും കളക്ടര്‍ ചോദിച്ചറിഞ്ഞു. വയനാട്ടില്‍ ചുമതലയേറ്റശേഷം ആദ്യമായി തങ്ങളുടെ കോളനി സന്ദര്‍ശിക്കാനെത്തിയ കളക്ടര്‍ക്ക് ചായയും മധുരപലഹാരങ്ങളും നല്‍കാനും മറന്നില്ല കരിമം കോളനിയിലുള്ളവര്‍.

 

Leave A Reply

Your email address will not be published.

error: Content is protected !!