ബാണാസുര സാഗര്‍;കനാലിന്റെ നിര്‍മ്മാണം 2025ല്‍  ഭാഗികമായി പൂര്‍ത്തീകരിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

0

ബാണാസുര സാഗര്‍ പദ്ധതിയിലെ കനാലിന്റെ നിര്‍മ്മാണം 2025 ഡിസംബറോടെ ഭാഗികമായി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ .
പടിഞ്ഞാറത്തറ, കോട്ടത്തറ എന്നീ പഞ്ചായത്തുകളിലെ കാര്‍ഷിക അഭിവൃദ്ധിക്കായി ജലവിഭവ വകുപ്പ് ബാണാസുര സാഗര്‍ ജലസേചന പദ്ധതിയില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിന് രൂപീകരിച്ച പടിഞ്ഞാറത്തറ ബി.എസ്.പി അഡീഷണല്‍ സബ് ഡിവിഷന്‍ നമ്പര്‍ 2 കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പടിഞ്ഞാറത്തറ പൂഴിത്തോട് റോഡിന്റെ വികസനത്തിന് ജല വിഭവവകുപ്പ് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

 

 

ജലസംഭരണികള്‍ നാടിന് ആവശ്യമാണ്. ജല വകുപ്പിനെ കാര്‍ഷിക സൗഹൃദ വകുപ്പാക്കി മാറ്റും. പദ്ധതിയുടെ നടത്തിപ്പിന് വകുപ്പില്‍ ജീവനക്കാരുടെ അഭാവമുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും മന്ത്രി.ചടങ്ങില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ബാണാസുര സാഗര്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി പാലക്കാട് ഐ ഡബ്‌ള്യു.ആര്‍ സബ് ഡിവിഷന്‍ നമ്പര്‍ 1 എന്ന ഓഫീസ് പടിഞ്ഞാറത്തറ ബി.എസ്.പി അഡീഷണല്‍ സബ് ഡിവിഷന്‍ നമ്പര്‍ 2 എന്ന പേരില്‍ പുനര്‍നാമകരണം ചെയ്ത ഓഫീസിന്റെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ആര്‍. ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലയിലെ ജലസേചന സൗകര്യം പരിപോഷിപ്പിക്കുന്നതിനായി വിഭാവനം ചെയ്ത ബാണാസുര സാഗര്‍ പദ്ധതിയിലെ പ്രധാന കനാലിന്റെ 2360 മീറ്റര്‍ ദൂരത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയും വെണ്ണിയോട് ബ്രാഞ്ച് കനാലിന്റെ 1460 മീറ്റര്‍ നീളത്തിന്റെയും പടിഞ്ഞാറത്തറ ബ്രാഞ്ച് കനാലിന്റെ 197 മീറ്റര്‍ നീളത്തിന്റെയും നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. പദ്ധതിയുടെ ഭാഗമായുള്ള ഡൈവേര്‍ഷന്‍ ചേമ്പറിന്റെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ അസ്മ, വാര്‍ഡ് മെമ്പര്‍ റഷീദ് വാഴയില്‍, കേരള സിറാമിക് ലിമിറ്റഡ് ചെയര്‍മാന്‍ കെ.ജെ ദേവസ്യ, ചീഫ് എഞ്ചിനീയര്‍ എം. ശിവദാസന്‍, അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ.എ വിശാല തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!