കടുത്ത ചൂടില്‍ പൊള്ളി വയനാടും
ഏപ്രില്‍ മാസമെത്തിയതോടെ ജില്ലയിലുംചൂട് കനക്കുന്നു.ആഗോള താപനവും എല്‍മിനോ പ്രതിഭാസവും ഇനിയും ചൂട് വര്‍ദ്ധിപ്പിക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. വേനല്‍മഴ മാത്രമാണ് ജില്ലയുടെ ഇനിയുള്ള പ്രതീക്ഷ.
കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇനിയുംചൂടു വര്‍ദ്ധിക്കുമെന്ന് വ്യക്തമാകുന്നു.2023 ഫെബ്രുവരി മാസം വയനാട് ജില്ലയില്‍ ഏറ്റവും കൂടിയ ചൂട് 32.8 ഡിഗ്രിയായിരുന്നു.ഏറ്റവും കുറവ് 13.7ഡിഗ്രിയും. ഫെബ്രുവരി മാസത്തെ ശരാശരി ചൂട് 30 ഡിഗ്രി ആണ്. മാര്‍ച്ച് മാസംഎത്തിയതോടെ പോയിന്റ് 7 ഡിഗ്രി വര്‍ദ്ധിച്ച് ശരാശരി ചൂട് 30.7 ആയി. മാര്‍ച്ച് മാസത്തില്‍ ജില്ലയിലെഏറ്റവും കൂടി ചൂട് 33.5 ഉം, ഏറ്റവും കുറഞ്ഞത് 15.9ആയി രേഖപ്പെടുത്തി. ഏപ്രില്‍ മാസത്തില്‍ കഴിഞ്ഞ 13 ദിവസങ്ങളില്‍ 32 ഡിഗ്രിയോടടുത്ത് 3 ദിവസങ്ങളില്‍ ചൂട് രേഖപ്പെടുത്തി.5 ദിവസം 30 ഡിഗ്രിക്ക് മുകളിലുമെത്തി. ഇനിയും ചൂട് വര്‍ദ്ധിക്കാനാണ് സാധ്യതയെന്നും, വേനല്‍ മഴയില്‍ മാത്രമാണ് പ്രതീക്ഷയെന്നും അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ അസി.പ്രൊഫസര്‍ ഡോ.സജീഷ് ജാന്‍ പറഞ്ഞു.നാമമാത്രമായ വേനല്‍ മഴയാണ് ലഭിച്ചത്. മാനന്തവാടി പ്രദേശത്ത് ഒരു വേനല്‍മഴപോലും ലഭിച്ചിട്ടില്ല.കനത്ത ചൂടായതിനാല്‍ തന്നെ കൃഷികള്‍ ഉള്‍പ്പെടെ കരിഞ്ഞുണങ്ങുകയാണ്. ചൂട് വര്‍ദ്ധിക്കുന്നതോടെ മനുഷ്യര്‍ക്കും, വളര്‍ത്ത് മൃഗങ്ങള്‍ക്കും ധാരാളം ആരോഗ്യപ്രശ്‌നങ്ങളും വര്‍ദ്ധിക്കും. വേനല്‍ അവധി ആയതിനാല്‍ തന്നെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടുതല്‍ വെയിലേല്‍ക്കാനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സാധ്യതയേറും.