സമഗ്ര കുടിവെള്ള പദ്ധതിയിലെ കണക്ഷനുകളില്‍ പമ്പിംഗ് സമയം കുറച്ചു. ശുദ്ധജല ക്ഷാമത്തില്‍ പൊറുതിമുട്ടി മുട്ടില്‍ പഞ്ചായത്ത് കരിങ്കണ്ണിക്കുന്ന് നാല് സെന്റ് കോളനിവാസികള്‍.കുടിവെള്ളത്തിനും മറ്റ് പ്രാഥമികാവശ്യങ്ങള്‍ക്കുമെല്ലാം ആശ്രയിക്കുന്ന ഈ വെള്ളത്തിന്റെ മ്പിംഗ് ഒരാഴ്ചയിലധികമായി രാത്രിയില്‍ 2 മണിക്കൂറായി ചുരുക്കിയിരിക്കുകയാണ്. താഴ്ന്ന ഭാഗങ്ങളിലേക്ക് ആവശ്യത്തിന് വെള്ളം ഒഴുകി യഥേഷ്ഠം ലഭ്യമാവുമ്പോഴും കുന്നിന് മുകളിലായതിനാല്‍ കോളനി വീടുകളിലേക്ക് പലപ്പോഴും വെള്ളം എത്താറില്ല.താല്‍കാലികമായി കോളനിവാസികള്‍ക്ക് ആശ്രയിക്കുവാനുള്ള
കോളനിയിലുള്ള ഏക കിണറാവട്ടെ തൊഴിലുപേക്ഷിച്ച് രാവിലെ മണിക്കൂറുകള്‍ കാത്തിരുന്നാല്‍ വെള്ളം എടുക്കാമെന്ന അവസ്ഥയിലുമാണുള്ളത്. കടുത്ത വേനലില്‍ കോളനിയിലെ മുഴുവനാളുകളും ഈ കിണറിനെ തന്നെ ആശ്രയിക്കാനാരംഭിച്ചതോടെ കിണറിലെ ജല ലഭ്യതയും ആശങ്കയിലായിരിക്കുകയാണ്. കോളനിയിലുള്ളവര്‍ അധികൃതരോട് പരാതിപ്പെട്ടിട്ടും ഇതേ വരെയും നടപടിയായിട്ടില്ല. മുഴുവന്‍ സമയവും പമ്പിംഗ് സാധ്യമല്ലെങ്കില്‍ ദിവസവും ഉച്ചവരെയെങ്കിലും പമ്പിംഗ് നടത്തി തങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് കോളനിവാസികളുടെ ആവശ്യം.