ഏപ്രില്‍ 01: ഇന്ധനം, മണ്ണ്, മദ്യം, വണ്ടി, മരുന്ന്  ചെലവേറും, ജീവിതം മാറും 

0

ഇന്ധനത്തിനും മണ്ണിനും മദ്യത്തിനും വണ്ടിക്കും മരുന്നിനും ഒക്കെ നാളെ മുതല്‍ ചെലവേറുകയാണ്. സേവനമേഖലയില്‍ സുപ്രധാന പരിഷ്‌കാരങ്ങളുമുണ്ട്. മാറ്റങ്ങള്‍ ഇങ്ങനെ:

ചെലവേറും

  • പെട്രോള്‍, ഡീസല്‍

പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ നിരക്കില്‍ സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തുന്നതിനാല്‍ വിലയില്‍ 2 രൂപയുടെ വര്‍ധന.

  • ഭൂമിയിടപാട്

ഭൂമിയുടെ ന്യായവിലയില്‍ 20% വര്‍ധന. റജിസ്‌ട്രേഷന്‍ ചെലവും ഉയരും. ഇപ്പോള്‍ 10,000 രൂപയാണ് ന്യായവിലയെങ്കില്‍ ഇത് 12,000 രൂപയായി വര്‍ധിക്കും. ഒരു ലക്ഷമാണ് ന്യായവിലയെങ്കില്‍ വര്‍ധിക്കുന്ന ചെലവ് 2,000 രൂപ.

ഫ്‌ളാറ്റുകളും അപ്പാര്‍ട്‌മെന്റുകളും നിര്‍മിച്ച് 6 മാസത്തിനകം മറ്റൊരാള്‍ക്കു കൈമാറുമ്പോഴുള്ള മുദ്രപ്പത്ര നിരക്ക് 5% എന്നത് 7% ആയി വര്‍ധിക്കും.

  • കെട്ടിട നികുതി

കെട്ടിട നികുതിയിലും ഉപനികുതികളിലും 5% വര്‍ധന. പ്രതിമാസ പിഴത്തുക ഒരു ശതമാനത്തില്‍ നിന്നു 2 ശതമാനമായി വര്‍ധിക്കും.

  • വാഹന നികുതി

സ്വകാര്യ വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി കൂടും. വില 5 ലക്ഷം വരെ: 1% വര്‍ധന. 5 ലക്ഷം മുതല്‍ 15 ലക്ഷം വരെ: 2%. 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ: 1%. 20 ലക്ഷം മുതല്‍ 30 ലക്ഷം വരെ: 1%. 30 ലക്ഷത്തിനു മേല്‍: 1%.

2 ലക്ഷം വരെ വിലയുള്ള പുതിയ മോട്ടര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയില്‍ 2% വര്‍ധന.

പുതിയ ഇരുചക്ര വാഹനങ്ങള്‍ക്കുള്ള റോഡ് സുരക്ഷാ സെസ് 50 രൂപയില്‍ നിന്ന് 100 രൂപയാകും. ലൈറ്റ് മോട്ടര്‍ വാഹനങ്ങള്‍ക്ക് 100 രൂപയില്‍ നിന്ന് 200 രൂപ, മീഡിയം മോട്ടര്‍ വാഹനങ്ങള്‍ക്ക് 150 രൂപയില്‍ നിന്നു 300 രൂപ, ഹെവി മോട്ടര്‍ വാഹനങ്ങള്‍ക്ക് 250 രൂപയില്‍ നിന്ന് 500 രൂപ.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആദ്യ 5 വര്‍ഷത്തേക്ക് നല്‍കിയിരുന്ന 50% നികുതി ഇളവ് ഇനിയില്ല.

  • വ്യവഹാരം

ജുഡീഷ്യല്‍ കോര്‍ട്ട് ഫീ സ്റ്റാംപുകളുടെ നിരക്ക് വര്‍ധിക്കും. മറ്റു കോടതി വ്യവഹാരങ്ങള്‍ക്കുള്ള കോര്‍ട്ട് ഫീസില്‍ 1 % വര്‍ധന.

മാനനഷ്ടം, സിവില്‍, നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ക്കുള്ള കോടതി ഫീസ് ക്ലെയിം തുകയുടെ 1 % ആകും.

  • മരുന്ന്

മരുന്നുകള്‍ക്കു വില വര്‍ധിക്കും. എന്നാല്‍, പുതിയ ബാച്ച് മരുന്നുകള്‍ എത്തുമ്പോഴേ ഇതു പ്രതിഫലിക്കൂ.

  • ക്വാറി ഉല്‍പന്നങ്ങള്‍

കരിങ്കല്ല്, മണ്ണ്, ചെങ്കല്ല് തുടങ്ങിയവയുടെ റോയല്‍റ്റിയും മറ്റു നിരക്കുകളും കൂടും.

  • മദ്യം

500 രൂപ മുതല്‍ 999 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ ഒരു കുപ്പിക്ക് 20 രൂപയും 1000 രൂപയിലേറെ വിലയുള്ള മദ്യത്തിന് 40 രൂപയും സാമൂഹിക സുരക്ഷാ സെസ്.

ഇളവുകള്‍

  • പുതുതായി വാങ്ങുന്ന ഇവാഹനങ്ങള്‍ക്കുള്ള നികുതി 20 ശതമാനത്തില്‍ നിന്ന് 5 ശതമാനമാകും.
  • വില്‍പന നടന്ന ഭൂമി 3 മാസത്തിനുള്ളില്‍ വീണ്ടും വില്‍ക്കുകയാണെങ്കില്‍ സ്റ്റാംപ് ഡ്യൂട്ടി ഇരട്ടി നല്‍കണമെന്ന നിലവിലെ വ്യവസ്ഥ ഒഴിവാകും. 3 മാസത്തിനും 6 മാസത്തിനും ഇടയ്ക്കു വിറ്റാല്‍ ഒന്നര ഇരട്ടി സ്റ്റാംപ് ഡ്യൂട്ടി നല്‍കണമെന്നതും ഇനിയില്ല.
  • ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള സ്വകാര്യ സ്‌കൂള്‍ വാഹനങ്ങളുടെ നികുതി 3 മാസത്തേക്ക് 5,500 രൂപ എന്നത് 1000 രൂപയാക്കി.
  • ജീവകാരുണ്യ സംഘടനകള്‍, പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവയുടെ വാഹനങ്ങള്‍ക്കുള്ള നികുതി സര്‍ക്കാര്‍ സ്‌കൂളിന്റേതിനു സമാനമാക്കി.
  • സ്വകാര്യ ബസ്, കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്ക് ത്രൈമാസ നികുതിയില്‍ 10% ഇളവ്.
  • സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സൗജന്യമായി ഉപയോഗിക്കാവുന്ന കളിസ്ഥലങ്ങള്‍, വായനശാലകള്‍ എന്നിവയ്ക്കു കെട്ടിട നികുതിയില്ല.
  • 30 ചതുരശ്ര മീറ്ററില്‍ താഴെ വിസ്തീര്‍ണമുള്ള വീട്ടില്‍ താമസിക്കുന്ന ബിപിഎല്‍ കുടുംബത്തിന് കെട്ടിട നികുതിയില്ല. 60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള വീടിന്റെ ഏതു വിഭാഗത്തില്‍പ്പെട്ട ഉടമയ്ക്കും ഇനി ഈ ഇളവു ലഭിക്കും.
  • സ്വര്‍ണത്തിന് എച്ച്‌യുഐഡി

എച്ച്യുഐഡി (ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍) മുദ്രയുള്ള സ്വര്‍ണാഭരണങ്ങള്‍ മാത്രമേ ഇടുക്കി ഒഴികെയുള്ള ജില്ലകളിലെ ജ്വല്ലറികള്‍ക്ക് നാളെ മുതല്‍ വില്‍ക്കാനാവൂ. പഴയ 4 മുദ്ര ഹാള്‍മാര്‍ക്കിങ് ഉള്ള ആഭരണങ്ങളുടെ വില്‍പന അനുവദിക്കില്ല. പഴയതു മാറ്റിയെടുക്കുന്നതിനു തടസ്സമില്ല.

  • വോലറ്റിന് ചാര്‍ജ്

ഡിജിറ്റല്‍ വോലറ്റുകളില്‍ നിന്നുള്ള 2,000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 1.1% ഇന്റര്‍ചേഞ്ച്. ഇത് ഉപയോക്താവില്‍ നിന്നല്ല ഈടാക്കുന്നത്. സാധാരണ യുപിഐ ഇടപാടുകള്‍ പൂര്‍ണമായും സൗജന്യം.

  • തൊഴിലുറപ്പു വേതനം

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മിനിമം ദിവസവേതനം കേരളത്തില്‍ 333 രൂപയായി വര്‍ധിക്കും. 22 രൂപയാണ് വര്‍ധന.

  • പോസ്റ്റ് ഓഫിസ് അക്കൗണ്ട്

ഇടപാടുകള്‍ക്കു മൊബൈല്‍ ഫോണ്‍ നിര്‍ബന്ധം.

  • ഇവേസ്റ്റ് ചട്ടം

പുതിയ ഇലക്ട്രോണിക് മാലിന്യ നിര്‍മാര്‍ജന ചട്ടം നാളെ മുതല്‍ പ്രാബല്യത്തില്‍. വിവിധ ഇലക്ട്രോണിക് ഉല്‍പന്നങ്ങളില്‍ നിന്നുള്ള ഇവേസ്റ്റ് ഘട്ടം ഘട്ടമായി സംസ്‌കരിക്കുന്നതിന്റെ ഉത്തരവാദിത്തം ഉല്‍പാദകര്‍ക്ക്.

  • ഓണ്‍ലൈന്‍ ഗെയ്മിങ്

ഓണ്‍ലൈന്‍ ഗെയ്മിങ് ആപ്ലിക്കേഷനുകള്‍ക്ക് ക്രിപ്‌റ്റോ കറന്‍സികള്‍ക്കു സമാനമായി 30% ടിഡിഎസ് (സ്രോതസ്സില്‍ ഈടാക്കുന്ന നികുതി) ബാധകം.

  • ഡെറ്റ് ഫണ്ട് നികുതി

3 വര്‍ഷത്തിലധികമുള്ള ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ക്കുണ്ടായിരുന്ന നികുതി ഇളവ് നാളെ മുതല്‍ ഇല്ല. ദീര്‍ഘകാല മൂലധന ലാഭ നികുതി ആനുകൂല്യവും പണപ്പെരുപ്പവുമായി തട്ടിച്ചുള്ള ഇന്‍ഡക്‌സേഷന്‍ ഇളവും ലഭിക്കില്ല.

  • പുതിയ ആദായനികുതി സ്‌കീം

നാളെ മുതല്‍ ആദായനികുതി അടയ്ക്കുന്നതിന് പുതിയ സ്‌കീമായിരിക്കും സ്വാഭാവിക മാര്‍ഗമായി ഓണ്‍ലൈനില്‍ ലഭ്യമാവുക. പഴയ സ്‌കീമില്‍ തുടരണമെങ്കില്‍ പ്രത്യേകം തിരഞ്ഞെടുക്കണം.

7,27,777 രൂപ വരെയുള്ള വരുമാനത്തിന് നികുതി ഒഴിവാകും. 5 ലക്ഷം രൂപയെന്ന റിബേറ്റ് 7 ലക്ഷമാകും. പുതിയ നികുതി സ്ലാബും നിലവില്‍ വരും.

  • സെക്കന്‍ഡ് ഹാന്‍ഡ് വാഹനചട്ടം

സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വില്‍ക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മോട്ടര്‍ വാഹന നിയമ ഭേദഗതി നാളെ നിലവില്‍ വരും.

  • മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപം

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപ പദ്ധതിയില്‍ (എസ്‌സിഎസ്എസ്) നാളെ മുതല്‍ ഇരട്ടിത്തുക നിക്ഷേപിക്കാം. 15 ലക്ഷം രൂപയായിരുന്ന പരിധി 30 ലക്ഷമാക്കി ഉയര്‍ത്തി. പ്രതിമാസ വരുമാന പദ്ധതിയില്‍ (എംഐഎസ്) വ്യക്തിഗത അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന തുക 4.5 ലക്ഷമായിരുന്നത് 9 ലക്ഷമാക്കി. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കാം. നിലവിലെ പരിധി 9 ആണ്.

  • ഇന്‍ഷുറന്‍സും നികുതിയും

നാളെ മുതല്‍ എടുക്കുന്ന 5 ലക്ഷം രൂപയ്ക്കു മുകളില്‍ വാര്‍ഷിക പ്രീമിയമുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്നുള്ള വരുമാനത്തിന് നികുതിയിളവില്ല.

  • മൂലധന നികുതിയിലെ ഇളവ്

വീടുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് മൂലധന നേട്ട നികുതിയിലെ ഇളവിനുള്ള പരിധി 10 കോടി രൂപയായി പരിമിതപ്പെടുത്തി. വിലകൂടിയ വീടുകള്‍ കൈമാറുകവഴി സമ്പന്നര്‍ സ്വന്തമാക്കിയിരുന്ന പരിധി വിട്ട ഇളവ് ഇനി ഉണ്ടാകില്ല.

  • ലീവ് സറണ്ടര്‍

സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോള്‍ അവധി പണമാക്കി മാറ്റുന്ന (ലീവ് സറണ്ടര്‍) സര്‍ക്കാര്‍ ഇതര ജീവനക്കാര്‍ക്കുള്ള നികുതിയിളവ് പരിധി നാളെ മുതല്‍ 25 ലക്ഷം രൂപ. നിലവില്‍ 3 ലക്ഷമാണ്.

  • ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

ഹോട്ടല്‍, റസ്റ്ററന്റ്, ബേക്കറി എന്നിവയില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

Leave A Reply

Your email address will not be published.

error: Content is protected !!