ചക്കക്കുരുവും പച്ചമാങ്ങയും ജ്യൂസായി…കുട്ടികള്‍ ഹാപ്പിയായി
കടുത്ത വേനല്‍ ചൂടിനും പരീക്ഷാ ചൂടിനുമിടയില്‍ കുട്ടികളുടെ മനസിനും ശരീരത്തിനും കുളിരേകാന്‍ മാനന്തവാടി ഗവ.യുപി സ്‌കൂളില്‍ സംഘടിപ്പിച്ച ഹാപ്പി ഡ്രിംഗ്സ് ഡേ ശ്രദ്ധേയമായി.ചക്കക്കുരു ജ്യൂസും,അത്തിപ്പഴം,ഇളനീര്‍ ജ്യൂസുകളും കുട്ടികള്‍ ഒരുക്കിയ ഡ്രിംഗ്സ് ഡേയുടെ പ്രദര്‍ശനത്തില്‍ കാണികളെ ആകര്‍ഷിച്ചു.കൂടാതെ വീടുകളില്‍ തനതായി നിര്‍മ്മിച്ച സംഭാരം,പച്ചമാങ്ങ,ബീറ്റ്റൂട്ട്,തണ്ണിമത്തന്‍ തുടങ്ങിയവയുടെ നൂറോളം ജ്യൂസുകളും കുട്ടികള്‍ ഒരുക്കിയ പ്രദര്‍ശത്തിലുണ്ടായിരുന്നു.ഓരോ ഉത്പന്നവും നിര്‍മ്മിക്കുന്ന രീതിയും ഇവര്‍ പ്രദര്‍ശിപ്പിച്ചു.
സോഫ്റ്റ് ഡ്രിംഗുകളുടെ കാലത്ത് നാടന്‍ രീതിയില്‍ തയ്യാറാക്കുന്ന ജ്യൂസുകളും മറ്റും ശരീരത്തിന് നല്‍കുന്ന ഗുണഗണങ്ങള്‍ കുട്ടികള്‍ക്കായി അധ്യാപകര്‍ വിവരിച്ചു നല്‍കി.കൂടാതെ ക്ലാസ്മുറികളിലെ കുട്ടികളുടെ രചനങ്ങള്‍ പുസ്തക രൂപത്തിലാക്കി എന്റെ പുസ്തകം പരിപാടിയും ഗോത്ര വിദ്യാര്‍ത്ഥികളുടെ ഈടുറ്റ രചനകളും കാണികള്‍ക്കായി ഒരുക്കി.മാനന്തവാടി ഗവ.യുപിസ്‌കൂളില്‍ നടന്ന ഹാപ്പി ഡ്രിംഗ്സ് ഡേയുടേയും,പഠനോത്സവത്തിന്റേയും ഉദ്ഘാടനം ബി.പി.ഒ കെകെ സുരേഷ് നിര്‍വ്വഹിച്ചു.പിടിഎ പ്രസിഡന്റ് എകെ റൈഷാദ് അധ്യക്ഷനായി.ഹെഡ്മാസ്റ്റര്‍ കെ.ജി ജോണ്‍സണ്‍,അനൂപ് കുമാര്‍.കെ,മദര്‍ പിടിഎ പ്രസിഡന്റ് കവിത പിആര്‍,എ.അജയകുമാര്‍,സില്‍വിയ ജോസഫ്,ഡാലിയ ലൂക്കോസ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.