കൊവിഡ് വ്യാപനം; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

0

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ പൊതുപരിപാടികള്‍ക്ക് പൂര്‍ണമായും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതുവരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനപ്പെടുത്തിയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തിലാകും നിയന്ത്രണങ്ങള്‍. എ, ബി, സി എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് സംസ്ഥാനത്തു പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.

എ വിഭാഗത്തില്‍പ്പെടുന്ന ജില്ലകളില്‍ പരമാവധി 50 പേരെ പങ്കെടുപ്പിച്ചു കൊണ്ട് പൊതു പരിപാടികള്‍ക്ക് അനുമതിയുണ്ടാകും. വിവാഹ-മരണാനന്തര ചടങ്ങുകള്‍ക്കും 50 പേര്‍ക്ക് പങ്കെടുക്കാം. നിലവില്‍ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളാണ് എ കാറ്റഗറിയില്‍പ്പെടുന്നത്. ബി കാറ്റഗറിയില്‍പ്പെടുന്ന ജില്ലകളില്‍ പൊതു പരിപാടികള്‍ക്ക് പൂര്‍ണ്ണമായും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈന്‍ വഴി നടത്തണമെന്നാണ് നിര്‍ദേശം. വിവാഹ മരണാനന്തര ചടങ്ങുകളില്‍ പരമാവധി 50 പേര്‍ക്ക് മാത്രമാണ് അനുമതി. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളാണ് നിലവില്‍ ബി കാറ്റഗറിയില്‍പ്പെടുന്നത്.

കര്‍ശന നിയന്ത്രണങ്ങളാണ് സി കാറ്റഗറിയില്‍പ്പെടുന്ന ജില്ലകളില്‍ ഏര്‍പ്പെടുത്തുക. ബി കാറ്റഗറിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ സി കാറ്റഗറിയിലും ബാധകമാണ്. അതിനുപുറമേ, സിനിമ തിയേറ്ററുകള്‍ക്കും സിമ്മിംഗ് പൂളുകള്‍ക്കും ജിമ്മുകള്‍ക്കും നിയന്ത്രണമുണ്ടാകും. നിലവില്‍ സി കാറ്റഗറിയില്‍ ഒരു ജില്ലയും ഉള്‍പ്പെട്ടിട്ടില്ല.

വ്യാപാര സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, പാര്‍ക്കുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജില്ലാഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാരെയും വിന്യസിക്കും. ഓരോ ജില്ലകളുടെയും സാഹചര്യം വിലയിരുത്തി, വേണ്ടി വന്നാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കളക്ടര്‍മാര്‍ക്കും അധികാരം നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!