വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പദ്ധതിക്ക് 15 കോടി വകയിരുത്തി വയനാട് ജില്ലാ പഞ്ചായത്ത് ബജറ്റ്. വന്യമൃഗശല്യ പ്രതിരോധത്തിന് ഒരു കോടി രൂപ വകയിരുത്തി പ്രധാന ഊന്നല്‍ നല്‍കുന്ന ബജറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാരിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡണ്ട് എസ്.ബിന്ദുവാണ് അവതരിപ്പിച്ചത്.
66,88,22,524 രൂപ വരവും 66,53 ,14,800 രൂപ ചെലവും 35,07,724 രൂപ നീക്കി ബാക്കിയുമുള്ളതാണ് 2023-24- വര്‍ഷത്തെ ജില്ലാ പഞ്ചായത്ത് ബജറ്റ്. രൂക്ഷമായ വന്യമൃഗശല്യം നേരിടുന്നതിന് ഒരു കോടി രൂപ മാത്രമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളൂവെങ്കിലും പ്രധാന ഊന്നല്‍ മേഖല ഇതാണന്നും വിവിധ മാര്‍ഗ്ഗങ്ങള്‍ സഞ്ചിത നിധി ഉണ്ടാക്കി സുരക്ഷ പദ്ധതി നടപ്പാക്കുമെന്ന് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു. വിദ്യഭ്യാസ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനവും വിദ്യാഭ്യാസ നിലവാരവും ഉയര്‍ത്തുന്നതിന് സമഗ്ര എന്ന പേരില്‍ പദ്ധതി നടപ്പാക്കും.
ആര്‍ത്തവകാലത്ത് സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് വിശ്രമിക്കുന്നതിന് ഷീ- അരീന എന്ന പേരില്‍ റിഫ്രഷ് മെന്റ് റസ്റ്റ് റൂം നിര്‍മ്മിച്ച് നല്‍കുന്ന നൂതന പദ്ധതിയും ഇത്തവണ ബജറ്റിലുണ്ട്.പെണ്‍മ എന്ന പേരില്‍ ആരംഭിക്കുന്ന സ്ത്രീ സംരംഭക പദ്ധതിക്കും ക്ഷീര സാഗരം പദ്ധതിക്കും 2.5 കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്.ഭവന രഹിതരായ മുഴുവന്‍ പേര്‍ക്കും വീട് നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയായ ഭവന നിര്‍മ്മാണ പദ്ധതിക്ക് 6.5 കോടി രൂപയും വകയിരുത്തി.