റേഷന്‍ കടകള്‍ വ്യാപാരികള്‍ ഉപേക്ഷിക്കും?
കേരളത്തിലെ റേഷന്‍ കടകള്‍ വ്യാപാരികള്‍ ഉപേക്ഷിക്കേണ്ട സ്ഥിതിയാണുള്ളതെന്നും, പൊതുവിതരണ മേഖലയെ നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കണമെന്നും ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ.ജോണി നെല്ലൂര്‍.മാനന്തവാടിയില്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.
സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ വ്യാപാരികള്‍ക്ക് ന്യായമായ വേതനം നല്‍കാത്തതിനാല്‍ വ്യാപാരികള്‍ ഏറെ ദുരിതത്തിലാണ്.കേരളത്തിലെ 3,000 റേഷന്‍ വ്യാപാരികള്‍ക്ക് 10 രൂപയില്‍ താഴെയും 5,000 വ്യാപാരികള്‍ക്ക് 20,000 രൂപയില്‍ താഴെയും, 3,000 വ്യാപാരികള്‍ക്ക് 25,000 രൂപയില്‍ താഴെയുമാണ് വരുമാനം ലഭിക്കുന്നത്.
2018ല്‍ റേഷന്‍ വ്യാപാരികള്‍ക്ക് നിശ്ചയിച്ച ആനുകൂല്യങ്ങള്‍ ആറ് മാസം കൂടുമ്പോള്‍ പുതുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടും, അഞ്ച് വര്‍ഷമായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വേതന പാക്കേജ് പരിഷ്‌ക്കരിക്കണമെന്നും റേഷന്‍ വ്യാപാരിക്ക് 30,000 രൂപയും, സെയില്‍സ് മാന് 15,000 രൂപയും, കെട്ടിട വാടകയും, വൈദ്യുതി ബില്ലും, നല്‍കണമെന്ന് കാണിച്ച് നിരവധി തവണ നിവേദനം നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടകള്‍ വഴി13 മാസം സൗജന്യ കാറ്റ് നല്‍കിയതിന്റെ വേതനത്തില്‍ മൂന്ന് മാസത്തെ വേതനം മാത്രമാണ് നല്‍കിയത്.ഹൈക്കോടതിയുടെ രണ്ട് ബെഞ്ചുകള്‍ വേതനം നല്‍കാന്‍ ഉത്തരവിട്ടിട്ടും നല്‍കിയിട്ടില്ല. ഇപ്പോള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. അഡ്വക്കേറ്റ് മാര്‍ക്ക് നല്‍കുന്ന പണമുണ്ടെങ്കില്‍ റേഷന്‍ വ്യാപാരികളുടെ വേതനം നല്‍കാമെന്നും അതൊന്നും ചെയ്യാതെ വൈരാഗ്യ ബുദ്ധിയോടെയാണ് റേഷന്‍ വ്യാപാരികളോട് സര്‍ക്കാര്‍ പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിമാരായ ടി.മുഹമ്മദലി, പി.ഷാജി, ജില്ലാപ്രസിഡണ്ട് പി.കുഞ്ഞബ്ദുള്ള, എം.പി.അനിരുദ്ധന്‍, എന്‍.പ്രഭാകരന്‍ നായര്‍ ,അബ്ദുല്‍ സലാം, ടി.ആലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.