മുട്ടില്‍ മരം മുറി കേസില്‍ മുഖ്യ പ്രതിയായ ജോസ് കുട്ടിയെ മരംമുറി നടന്ന പ്രദേശങ്ങളിലെത്തിച്ച്
പോലീസ് തെളിവെടുപ്പ് നടത്തി. ബത്തേരി ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്.മുട്ടില്‍ പാറക്കല്‍,വാഴവറ്റ,കാരാപ്പുഴ,അമ്പലവയല്‍ തുടങ്ങിയ ഇടങ്ങളിലെ മരംമുറി നടന്ന പ്രദേശങ്ങളിലാണ് ഇന്ന് പ്രതിയെ കൊണ്ടുപോയി പരിശോധന നടത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതികളെ കുറ്റിപ്പുറത്തു നിന്നും പിടികൂടിയത്.പിന്നീട് കോടതിയില്‍ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്തു.ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയില്‍ കഴിഞ്ഞ ദിവസം പ്രതികളെ 4 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ആന്റോ അഗസ്റ്റിന്‍,റോജി അഗസ്റ്റിന്‍,ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.വരുംദിവസങ്ങളില്‍ മുഖ്യ പ്രതികളെ കൊണ്ട് തെളിവെടുപ്പ് നടത്തുമെന്നും, ചോദ്യം ചെയ്യല്‍ നടന്നുവരികയാണെന്നും ബത്തേരി ഡിവൈഎസ്പി പറഞ്ഞു.