ജില്ലാ ജനറല്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ആരംഭിക്കുന്നതിന് 23.75 കോടി രൂപ അനുവദിച്ചതായി ജില്ലാ ജനറല്‍ ആശുപത്രി ഡെവലപ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 50 കിടക്കകള്‍ ഉള്‍പ്പെടെയുള്ള സംവിധാനത്തോടെയാണ് സിസിയു. ദേശീയാരോഗ്യ ദൗത്യത്തിന്റെ കീഴിലാണ് പദ്ധതി. ആശുപത്രി ഡെവലപ്മെന്റ് കമ്മിറ്റി മന്ത്രി വീണാ ജോര്‍ജിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്. കമ്മിറ്റി ചെയര്‍മാന്‍ സണ്ണി ചെറിയ തോട്ടത്തില്‍, ട്രഷറര്‍ വി ഹാരിസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
നിലവിലുള്ള കെട്ടിടത്തില്‍ സൗകര്യം വര്‍ധിപ്പിച്ച സിസിയു സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഒന്നര വര്‍ഷത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കു. അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിന് സിസിയു നിര്‍മിക്കുന്നതിലൂടെ സാധിക്കും. കാത്ത്ലാബ്, മാനസികാരോഗ്യ കേന്ദ്രം, അമ്മയും കുഞ്ഞും ആശുപത്രി, വൃക്കരോഗികള്‍ക്ക് നെഫ്രോളജി വിഭാഗവും ഡയാലിസിസ് യൂണിറ്റും തുടങ്ങിയവ ആരംഭിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയില്‍ 250 കിടക്കകള്‍ക്കുള്ള സൗകര്യമുണ്ട്.118 എണ്ണം മാത്രമാണ് നിലവിലുള്ളത്. കിടക്കകളുടെ എണ്ണം 250 ആക്കി ഉയര്‍ത്തി ആവശ്യമായ ജീവനക്കാരെ നിയമിക്കണം. അസ്ഥി, ത്വക്രോഗ വിഭാഗം അനുവദിച്ച് സ്ഥിരം ഡോക്ടര്‍മാരെ നിയമിക്കണം. ആശുപത്രി വികസനത്തിന് കൂടുതല്‍ സ്ഥലം കണ്ടെത്തുന്നതിന് ശ്രമം തുടങ്ങിയിട്ടുണ്ട്. സ്ഥലം ലഭിക്കുന്നതിനനുസരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
രക്തബാങ്ക് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയമിക്കണം. റേഡിയോളജിസ്റ്റ്, നഴ്സിങ് സൂപ്രണ്ട്, റേഡിയോഗ്രാഫര്‍ തുടങ്ങിയ തസ്തികയിലും നിയമനം നടത്തണം. മാത്രവുമല്ല, ആശുപത്രിയിലെ ഫാര്‍മസി സേവനം 24 മണിക്കുറും ലഭ്യമാക്കണം. ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയമിക്കണം. ലാബ് ടെക്നീഷ്യന്മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഇഎംടി എന്നിവരെയും നിയമിക്കണം. കൂടാതെ ആശുപത്രിയില്‍നിന്ന് മാറ്റിയ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് തസ്തികയും ഡി അഡിക്ഷന്‍ യൂണിറ്റും തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ടു.