കനത്ത വേനല്‍: വാഴകള്‍ കരിഞ്ഞൊടിഞ്ഞു വീഴുന്നു

0

കനത്തവേനലില്‍ വാഴകള്‍ കരിഞ്ഞൊടിഞ്ഞു വീഴാന്‍തുടങ്ങിയതോടെ പ്രതിസന്ധിയിലായി വാഴകര്‍ഷകര്‍. വാഴപ്പോളകള്‍ കരിഞ്ഞാണ് മൂപ്പെത്താറായ കുലകളടക്കം ഒടിഞ്ഞുവീഴുന്നത്. ഇതുകാരണം വന്‍നഷ്ടംസഹിച്ച് കിലോയ്ക്ക് നാല് രൂപതോതില്‍ വാഴക്കുലകള്‍ വെട്ടിവില്‍പ്പന നടത്തേണ്ട അവസ്ഥയിലാണ് ജില്ലയിലെ കര്‍ഷകര്‍.

വിഷുക്കാലത്തേക്കായി കണ്ട് ഇറക്കിയ വാഴകൃഷി കുലകള്‍ മൂപ്പെത്തുന്നതിന് മുമ്പ് വേനല്‍ചൂടില്‍ ഒടിഞ്ഞുവീഴുകയാണ്. പൊള്ളുന്നവെയിലേറ്റ് വാഴപ്പോളകള്‍ക്ക് മഞ്ഞംനിറംബാധിച്ച് പിണ്ടിയൊടിഞ്ഞ് കുലചാടിയ വാഴകള്‍ നിലംപതിക്കുകയാണ്. ഇത്തരത്തില്‍ വീണ കുലകള്‍ പെട്ടെന്ന്ുതന്നെ വെട്ടിവിറ്റില്ലങ്കില്‍ കറുത്തനിറം ബാധിക്കുകയും ചെയ്യും. അമ്മായിപ്പാലം കാര്‍ഷിക മൊത്തവിപണ കേന്ദ്രത്തിലെ തോട്ടത്തില്‍ കിസാന്‍ ഫ്രണ്ടസ് ഓര്‍ഗനൈസേഷന്‍ കൃഷിചെയ്ത 1500 നേന്ത്രവാഴകളില്‍ 200 ഉം വേനല്‍ചൂടില്‍ നിലംപൊത്തികഴിഞ്ഞു. 240 രൂപയാണ് ഒരു വാഴയ്ക്കായി ചെലവഴിച്ചത്. എന്നാല്‍ ചൂടില്‍ ഒടിഞ്ഞുവീഴുന്ന കുലകള്‍ വെട്ടിവില്‍ക്കുമ്പോള്‍ ഇതിന്റെ നാലിലൊന്നുവിലപോലും ലഭിക്കില്ല. വിപണിയില്‍ ഒന്നാംനമ്പര്‍ നേന്ത്രകുലയ്ക്ക് 17രൂപയുണ്ട്. എന്നാല്‍ ഒടിഞ്ഞുവീഴുന്ന കുലകള്‍ മൂന്നുംനാലും രൂപയ്ക്ക് വില്‍ക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. മൂപ്പെത്താത്തിനാല്‍ ഇത്തരം കുലകള്‍ക്ക് ആവശ്യക്കാരുമില്ല.അതിനാല്‍ ഹോട്ടലുകളില്‍ കറികള്‍ക്ക് ഉപയോഗിക്കാനായാണ് കൊണ്ടുപോകുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈസാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!