പടിഞ്ഞാറത്തറയില്‍ മാവോയിസ്റ്റ് സാന്നിധ്യം

0

പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കാപ്പിക്കളം കുറ്റിയാം വയലിന് സമീപം മാവോയിസ്റ്റ് സാന്നിധ്യം. അമ്പായത്തടയില്‍ വാടകയ്ക്ക് താമസിക്കുന്ന ആദിവാസി വീട്ടമ്മയേയും പിഞ്ചു കുട്ടികളേയും ഭീഷണിപ്പെടുത്തി സാധനങ്ങള്‍ കവര്‍ന്നതായി പരാതി. ആയുധധാരികളായ സ്ത്രീയും പുരുഷനുമാണ് ഫെബ്രുവരി 28ന് ഉച്ചയ്ക്ക് വീട്ടിലെത്തിയതെന്ന് ദൃക്‌സാക്ഷികള്‍ കഴുത്തിന് കുത്തി പിടിച്ച് തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും, ഭയന്നു കരഞ്ഞ നാലരവയസുകാരന്റെ വായ അവര്‍ പൊത്തി പിടിച്ചതായും പരാതിയുണ്ട്. പിന്നീട് അടുക്കളയിലുണ്ടായിരുന്ന പലചരക്ക് സാധനവും, കുട്ടികളുടെ ഭക്ഷ്യവസ്തുക്കളും കവര്‍ന്നു. ഭയം കാരണമാണ് പുറത്ത് പറയാതിരുന്നത്. ഇവര്‍ താമസിക്കുന്ന സ്ഥലം ഒറ്റപ്പെട്ടതും, വന മേഖലയോട് ചേര്‍ന്നതുമാണ്. സംഭവ സമയം ഭര്‍ത്താവ് ഗോപി വീട്ടിലുണ്ടായിരുന്നില്ലെന്ന് ഗീത പറഞ്ഞു. ഉച്ചയ്ക്ക് വീട്ടിലെത്തിയ സംഘം ഒന്നര മണിക്കൂറോളം വീട്ടില്‍ ചിലവഴിച്ചു. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഭക്ഷണം കഴിച്ച് പലചരക്ക് സാധനങ്ങളും, ബേക്കറിയും മറ്റുമെടുത്ത് വനത്തിനുള്ളിലേക്ക് കടന്നു.കൊന്നു കളയുമെന്ന് ഭയപ്പെടുത്തിയതിനാലാണ് ഇതുവരെ വിവരം പോലീസില്‍ അറിയിക്കാതിരുന്നതെന്നും, സാധനങ്ങള്‍ എടുത്ത് വെക്കാന്‍ ബാഗ് തുറന്നപ്പോള്‍ അതിനുള്ളില്‍ വേറെയും തോക്കുകള്‍ കണ്ടതായും ഗീത പറയുന്നുണ്ട്. കൂടാതെ ഒരു മകനെ അവരുടെ കൂടെ നിര്‍ത്തി ഗീതയോട് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാന്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ കയ്യില്‍ പണമില്ലെന്ന് പറഞ്ഞതോടെ മാവോയിസ്റ്റുകള്‍ പിന്‍വാങ്ങുകയായിരുന്നു. ഇന്നലെയാണ് ഗീത പടിഞ്ഞാറത്തറ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരും, പ്രത്യേക സംഘവും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

 

Leave A Reply

Your email address will not be published.

error: Content is protected !!