സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഒഴിവാക്കും; യൂണിഫോം നിര്‍ബന്ധമാക്കില്ല

0

സ്‌കൂളുകള്‍ നവംബര്‍ ഒന്നിനു തുറക്കുമ്പോള്‍ യൂണിഫോം നിര്‍ബന്ധമാക്കില്ല. സ്‌കൂളുകളില്‍ ഉച്ചഭക്ഷണമുണ്ടാകില്ല; പകരം അലവന്‍സ് നല്‍കും. സ്‌കൂളിലിരുന്ന് ഉച്ചഭക്ഷണം കഴിക്കാനും അനുവദിക്കില്ല. കുട്ടികള്‍ ഭക്ഷണം പങ്കിടുന്നത് ഒഴിവാക്കാനാണിത്. സ്‌കൂള്‍ പരിസരങ്ങളിലെ ഭക്ഷണശാലകളില്‍ ഭക്ഷണം പങ്കിടുന്നതും തടയും. ചെറിയ രോഗലക്ഷണ ങ്ങളെങ്കിലുമുള്ള കുട്ടികളെ ക്ലാസിലേക്കു വരുത്തില്ല. ആദ്യ ഘട്ടത്തില്‍ ഭിന്നശേഷി വിദ്യാര്‍ഥികളും എത്തേണ്ടതില്ല. അന്തിമ മാര്‍ഗരേഖ 5 ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

വിദേശത്തുനിന്നുള്ള പ്രായോഗിക മാതൃകകളും മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തും.മന്ത്രിതലത്തിലും ജില്ലാ, സ്‌കൂള്‍ തലങ്ങളിലും യോഗങ്ങള്‍ ചേരുമെന്നു മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളെ സ്‌കൂളില്‍ അയയ്ക്കാന്‍ രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കും. സ്‌കൂളില്‍ ശരീരോഷ്മാവും ഓക്‌സിജന്‍ അളവും പരിശോധിക്കും. ക്ലാസ് മുറിക്കു മുന്നില്‍ സോപ്പും വെള്ളവും ഉണ്ടാവും. ഒരു ബെഞ്ചില്‍ 2 കുട്ടികളെ വീതമേ ഇരുത്തൂ. കൂട്ടം കൂടാന്‍ അനുവദിക്കില്ല. 10 20 കുട്ടികളുടെ വീതം ചുമതല ഓരോ അധ്യാപകര്‍ക്കു നല്‍കും.

ഓട്ടോറിക്ഷകളില്‍ 2 കുട്ടികളെ വീതമേ അനുവദിക്കൂ. ഇക്കാര്യം യൂണിയനുകളുമായി ചര്‍ച്ച ചെയ്യും. യാത്രയ്ക്കായി കെഎസ്ആര്‍ടിസിയുമായി ചേര്‍ന്നു സംവിധാനമുണ്ടാക്കും. സ്‌കൂള്‍ ബസുകള്‍ മിക്കതും തകരാറിലാണ്. അവ ശരിയാക്കി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംവിധാനമുണ്ടാകും. രക്ഷാകര്‍ത്താക്കള്‍ക്ക് ഓണ്‍ലൈന്‍ ബോധവല്‍ക്കരണം നടത്തും. സ്‌കൂള്‍ പരിസരവും ശുചിമുറികളും വൃത്തിയാക്കാന്‍ സന്നദ്ധസേവകരുടെയടക്കം സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.യുനിസെഫ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുമായും വിവിധ മേഖലകളിലെ വിദഗ്ധരുമായും ചര്‍ച്ച ചെയ്താണ് നിര്‍ദേശങ്ങള്‍ അന്തിമമാക്കുന്നത്.

പ്രധാനാധ്യാപക നിയമനത്തിന് ശ്രമം: മന്ത്രി

ആലപ്പുഴ ന്മ ഒട്ടേറെ സ്‌കൂളുകളില്‍ പ്രധാനാധ്യാപകര്‍ ഇല്ലെന്ന പരാതി ശരിയാണെന്നും സ്‌കൂള്‍ തുറക്കും മുന്‍പു പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സ്ഥാനക്കയറ്റം നടക്കാത്തതിനു കാരണം അധ്യാപകര്‍ തന്നെയാണ്. ഹൈക്കോടതിയിലുള്ള അയ്യായിരത്തിലേറെ കേസുകളില്‍ കൂടുതലും സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ടവയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!