പ്രായമായ അമ്മമാരുടെ സംരക്ഷണം; സമൂഹം ഉണരണം-വനിതാ കമ്മീഷന്‍

0

സംസ്ഥാനത്ത് പ്രായമായ അമ്മമാരെ സംരക്ഷിക്കാത്തതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ ഏറിവരികയാണ്.വിവിധ ജില്ലകളില്‍ നിന്നും ഇത്തരത്തിലുള്ള ധാരാളം പരാതികള്‍ കമ്മീഷന് മുന്നിലെത്തുന്നു. ഈ പ്രവണതകള്‍ക്കെതിരെ സമൂഹം ഉണരണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി.സതീദേവി പറഞ്ഞു.കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ ജില്ലയില്‍ നിന്നും ലഭിച്ച പരാതികള്‍ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

തൊഴിലിടങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കമ്മീഷന് പരാതിയായി ലഭിക്കുന്നു. ഇത്തരത്തിലുള്ള സംഭവങ്ങളില്‍ ആദ്യഘട്ടത്തില്‍ സ്ഥാപനതല ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി പരിശോധന നടത്തണം. തൊഴില്‍ സ്ഥാപനങ്ങളുടെ ഉടമകളും മാനേജ്മെന്റും തൊഴിലിടങ്ങളില്‍ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഗാര്‍ഹിക പീഡന പരാതികള്‍ക്ക് കൗണ്‍സിലിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കമ്മീഷന്‍ സിറ്റിംഗില്‍തന്നെ കൗണ്‍സിലിംഗ് സേവനം ലഭ്യമാകും. വിശദമായ കൗണ്‍സിലിംഗ് ആവശ്യമുള്ള കേസുകളില്‍ തുടര്‍ച്ചയായ കൗണ്‍സിലിംഗ് നല്‍കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.
സിറ്റിംഗില് 34 പരാതികള്‍ പരിഗണിച്ചു. 8 കേസുകള്‍ തീര്‍പ്പാക്കി. 6 കേസുകള്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 20 കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. മൂന്നു ബഞ്ചുകളാണ് കേസുകള്‍ പരിഗണിച്ചത്.
കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ, കമ്മീഷന്‍ ഡയറക്ടര്‍ പി.ബി രാജീവ്, അഡ്വക്കേറ്റുമാരായ മിനി മാത്യു, ഷേര്‍ളി, ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മായ എസ്. പണിക്കര്‍, ഫാമിലി കൗണ്‍സിലര്‍മാരായ ഉണ്ണിമായ ജോര്‍ജ്ജ്, പി.വി സനില തുടങ്ങിയവര്‍ സിറ്റിംഗില്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!