വയനാട് ടുക് ടുക് ടൂര്‍ പദ്ധതി

0

ഓട്ടോ ഡ്രൈവര്‍മാരെ മുഖ്യധാരാ ടൂറിസം വികസനത്തിന്റെ ഭാഗമാക്കി ജില്ലയില്‍ ടുക് ടുക് ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു. വയനാട് കാണാനെത്തുന്ന വിദേശികളടക്കമുള്ള സഞ്ചാരികളെ ഓട്ടോറിക്ഷയില്‍ വിവിധ കേന്ദ്രങ്ങളിലെത്തിക്കുന്നതാണു പദ്ധതി. ഡിടിപിസിയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന പദ്ധതി ഏപ്രില്‍ 1 മുതല്‍ പ്രവര്‍ത്തനസജ്ജമാകും.വൈത്തിരി, അമ്പലവയല്‍, ബത്തേരി എന്നിവിടങ്ങളിലായി 75 ഓട്ടോഡ്രൈവര്‍മാര്‍ക്കു പരിശീലനം നല്‍കി.

ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കൂടുതല്‍ ഡ്രൈവര്‍മാരെ കണ്ടെത്താനുള്ള ശ്രമം ഡിടിപിസി ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്കു കുറഞ്ഞ ചെലവില്‍ മനോഹരമായ പ്രദേശങ്ങള്‍ കണ്ടുമടങ്ങാനുമാകുമെന്നതാണു ടുക് ടുക് ടൂറിസത്തിന്റെ പ്രത്യേകത.

മറ്റു ജില്ലകളില്‍നിന്നുള്ള ആഭ്യന്തര സഞ്ചാരികള്‍ക്കാണ് ഇതു കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്. പൊതുഗതാഗത സംവിധാനം പര്യാപ്തമല്ലെന്നതും വാഹനങ്ങള്‍ മാറിക്കയറുന്നതു സമയനഷ്ടമുണ്ടാക്കുമെന്നതും ഒട്ടേറെ സഞ്ചാരികളെ യാത്ര മാറ്റിവയ്ക്കാന്‍ പ്രേരിപ്പിക്കുന്നു.

ഇതിനു പരിഹാരമെന്ന നിലയിലാണു പുതിയ ആശയത്തിനു രൂപം നല്‍കിയത്. കുടുംബങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ബാക്ക്പാക്കര്‍മാര്‍ക്കും ഓട്ടോകളില്‍ സുഖമായി സഞ്ചരിക്കാം. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കു പദ്ധതി ഉപകാരപ്പെടുമെന്നും പദ്ധതി വലിയ വിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിടിപിസി സെക്രട്ടറി കെ.ജി. അജേഷ് പറഞ്ഞു.

വിദേശസഞ്ചാരികളെത്തുമ്പോഴുള്ള ആശയവിനിമയ പ്രതിസന്ധി മറികടക്കാന്‍ ലക്ഷ്യസ്ഥാനങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാന്‍ കഴിയുന്ന ക്യുആര്‍ കോഡ് ഓട്ടോകളില്‍ സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായ ഓട്ടോഡ്രൈവര്‍മാരുടെ ഫോണ്‍ നമ്പറും മറ്റു വിവരങ്ങളും ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

സമൂഹമാധ്യമങ്ങളിലൂടെയും പ്രചാരണം നല്‍കും. അങ്ങനെ കൂടുതല്‍ സഞ്ചാരികളിലേക്കു പദ്ധതിയുടെ ഗുണഫലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എത്തിക്കുകയാണു ലക്ഷ്യം. പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലെല്ലാം പദ്ധതിയില്‍ ഉള്‍പ്പെട്ട ഓട്ടോകളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം ജില്ലയില്‍ പദ്ധതി ആരംഭിച്ചു.
കലക്ടര്‍ എ. ഗീത ഫ്‌ലാഗ് ഓഫ് ചെയ്ത യാത്രയില്‍ ആദ്യദിനം തന്നെ ബെല്‍ജിയത്തില്‍നിന്നു വയനാട് കാണാനെത്തിയ സഞ്ചാരികളാണു യാത്ര ചെയ്തത്. എല്ലായിടത്തും എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന ഓട്ടോ യാത്ര മനോഹരമായ അനുഭവമായിരുന്നുവെന്നു സഞ്ചാരികളായ എമിലി സുസിനും ബാസ്റ്റിന്‍ ഗ്രോമെച്ചും പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!